ആലപ്പുഴ: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പേരില്‍ സര്‍ക്കാര്‍ രാഷ്ട്രീയ ലാഭത്തിന് ശ്രമിച്ചിട്ടില്ലെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. റിപ്പോര്‍ട്ട് രഹസ്യമായി സൂക്ഷിക്കണെമെന്ന് ജസ്റ്റിസ് ഹേമ തന്നെ പറഞ്ഞിട്ടുണ്ടായിരുന്നു. സ്വകാര്യ വിവരങ്ങളുള്ളതിനാല്‍ മുന്‍ വിവരാവകാശ കമ്മീഷണറും റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടു. ഈ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ മാന്യത കാണിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.
റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള നടപടി സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി സിനിമാ രംഗത്തെ എല്ലാ സംഘടനകളുമായും ചര്‍ച്ചചെയ്ത് വരികയാണ്. കഴിഞ്ഞ ഒന്നരവര്‍ഷമായി വലിയൊരു പ്രക്രിയയിലാണ് സംസ്ഥാന സര്‍ക്കാര്‍. സിനിമാ കോണ്‍ക്ലേവ് നടത്താമെന്ന് തീരുമാനിച്ചത് സംഘടനകളുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ്.
റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നിയമപരമായടക്കം പരിശോധിക്കുകയും പഠിക്കുകയും വേണം. പരാതി ലഭിച്ചാല്‍ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കും. വനിതകളുടെ പ്രശ്‌നങ്ങള്‍ ഗൗരവമായി പരിഗണിക്കുമെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.