സംസ്ഥാനത്ത് ഓണാഘോഷങ്ങൾക്ക് ഔദ്യോഗികമായി തുടക്കമായി. അത്തച്ചമയ ഘോഷയാത്ര മമ്മൂട്ടി ഫ്‌ളാഗ് ഓഫ് ചെയ്തു.
നിങ്ങളറിയുന്ന മമ്മൂട്ടി ആകുന്നതിന് മുൻപ് അത്തച്ചമയ ഘോഷയാത്ര കാണാൻ വരാറുണ്ടായിരുന്നു. അന്നും ഇന്നും അത്തത്തിന്റെ പുതുമയും അത്ഭുതവും എന്നെ വിട്ടുമാറിയിട്ടില്ല. ഏത് സങ്കൽപ്പത്തിന്റേയും വിശ്വാസത്തിന്റേയും പേരിലായാലും അത്തം നമ്മളെ സംബന്ധിച്ച് ആഘോഷമാണ് ‘ – മമ്മൂട്ടി പറഞ്ഞു. രാവിലെ പത്തുമണിക്ക് ബോയ്‌സ് മൈതാനിയിൽ നിന്ന് ഇറങ്ങിയ ഘോഷയാത്ര നഗരം ചുറ്റി രണ്ടു മണിയോടുകൂടി തിരികെയെത്തും.
ഹരിത പെരുമാറ്റച്ചട്ടം കർശനമായി പാലിച്ച് ‘അത്തച്ചമയം ഹരിതച്ചമയം’ എന്ന പേരിലാണ് ഘോഷയാത്ര നടത്തുക. നിശ്ചലദൃശ്യങ്ങൾക്കൊപ്പം 75 ഓളം കലാരൂപങ്ങളും ഘോഷയാത്രയുടെ ഭാഗമായി ഉണ്ടാകും. തൃപ്പൂണിത്തുറ നഗരസഭയുടെ നേതൃത്വത്തിൽ പത്തുദിവസം നീണ്ടുനിൽക്കുന്ന വിപുലമായ സാംസ്‌കാരിക പരിപാടികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്.
അത്തംനാളിൽ കൊച്ചിരാജാവ് സർവാഭരണ വിഭൂഷിതനായി സർവസൈന്യ സമേതനായും കലാസമൃദ്ധിയോടും കൂടി ഘോഷയാത്രയായി പ്രജകളെ കാണാനെത്തുന്ന സംഭവമാണ് രാജഭരണകാലത്തെ അത്തച്ചമയം. 1949 ൽ തിരുവിതാംകൂർ കൊച്ചി സംയോജനത്തോടെ രാജകീയ അത്തച്ചമയം നിർത്തലാക്കി. ഇത് പിന്നീട് 1961-ൽ കേരള സർക്കാർ ഓണം സംസ്ഥാനോത്സവമാക്കിയതോടെ ജനകീയ പങ്കാളിത്തമുള്ള ബഹുജനാഘോഷമായി രൂപാന്തരപ്പെട്ടു.