കരിപ്പൂരിൽ അബൂദാബിയില്‍ നിന്നും എത്തിയ കണ്ണൂര്‍ സ്വദേശിയുടെ വസ്ത്രത്തില്‍ തേച്ച്പിടിപ്പിച്ച നിലയില്‍ കാണപ്പെട്ട ഒന്നര കിലോയിലധികം സ്വർണ്ണം പോലീസ് പിടികൂടി.ഇന്ന് കണ്ണൂര്‍ മുഴുപ്പിലങ്ങാട് സ്വദേശി ഇസ്സുദ്ദീന്‍ (43) ആണ് സ്വര്‍ണ്ണം കടത്ത് കേസിൽ പോലീസ് പിടിയിലായത്.
മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് അബൂദാബിയില്‍ നിന്നും കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഇന്‍ഡിഗോ ഫ്ലൈറ്റില്‍ വന്നിറങ്ങി കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇസ്സുദ്ദീനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
പ്രാഥമിക ചോദ്യം ചെയ്യലില്‍ ഇയാൾ തന്‍െറ കയ്യില്‍ സ്വര്‍ണ്ണമുള്ള കാര്യം സമ്മതിച്ചില്ല. ഇസ്സുദ്ദീന്‍െറ കൈവശമുണ്ടായിരുന്ന ലഗ്ഗേജും ഇയാളുടെ ശരീരവും വിശദമായ പരിശോധനക്ക് വിധേയമാക്കിയെങ്കിലും സ്വര്‍ണ്ണം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
തുടര്‍ന്ന് ഇസ്സുദ്ദീന്‍ ധരിച്ചിരുന്ന പാന്‍റ്സിന് കട്ടി കൂടുതലുള്ളതായി ശ്രദ്ധയില്‍ പെട്ടപ്പോള്‍ പാന്‍റ്സ് അഴിച്ച് പരിശോധിക്കുകയായിരുന്നു. പരിശോധനയില്‍ പാന്‍റ്സിന് ഏറെ ഭാരകുടുതല്‍ അനുഭവപ്പെട്ടു.
തുടര്‍ന്ന് പാന്‍റ്സ് കട്ട് ചെയ്ത് നോക്കിയതില്‍ പാന്റ്സ് തയ്ച്ചിരിക്കുന്നത് രണ്ട് പാളി തുണികളുപയോഗിച്ചാണെന്നും, ഉള്‍വശത്തായി സ്വര്‍ണ്ണ മിശ്രിതം തേച്ച് പിടിപ്പിച്ചിരിക്കയാണെന്നും മനസ്സിലായത്. ധരിച്ച പാന്‍റ്സിലും അടിവസ്ത്രത്തിലുമായി തേച്ച് പിടിപ്പിച്ച നിലയിലുള്ള സ്വര്‍ണ്ണ മിശ്രിതത്തിന് ഒന്നരകിലോയിലധികം ഭാരമുണ്ട്.ഇസ്സുദ്ദീനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

