Kerala News

പതിനഞ്ചാം കേരള നിയമസഭയുടെ ആറാം സമ്മേളനം ഓഗസ്റ്റ് 22 മുതല്‍ ആരംഭിക്കും

പതിനഞ്ചാം കേരള നിയമസഭയുടെ ആറാം സമ്മേളനം ഓഗസ്റ്റ് 22ന് ആരംഭിക്കുമെന്നു നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 10 ദിവസം സഭ സമ്മേളിച്ച് സെപ്റ്റംബര്‍ രണ്ടിനു പിരിയും.

2022-23 വര്‍ഷത്തെ ധനാഭ്യര്‍ഥനകള്‍ ചര്‍ച്ച ചെയ്തു പാസാക്കുന്നതിനായി കഴിഞ്ഞ ജൂണ്‍ 27 മുതല്‍ ചേര്‍ന്ന അഞ്ചാം സമ്മേളനം 15 ദിവസം സമ്മേളിച്ചു നടപടികള്‍ പൂര്‍ത്തിയാക്കി ജൂലൈ 21നാണു പിരിഞ്ഞത്. അഞ്ചാം സമ്മേളനകാലയളവില്‍ നിലവിലുണ്ടായിരുന്ന ഓര്‍ഡിനന്‍സുകള്‍ക്കു പകരമുള്ള ബില്ലുകളും മറ്റ് അത്യാവശ്യ ബില്ലുകളും പരിഗണിക്കുന്നതിനായി ഒക്ടോബര്‍ – നവംബര്‍ മാസങ്ങളില്‍ പ്രത്യേക സമ്മേളനം ചേരുമെന്ന പ്രഖ്യാപനത്തോടെയാണ് അഞ്ചാം സമ്മേളനം അവസാനിച്ചത്. എന്നാല്‍, അഞ്ചാം സമ്മേളനം ആരംഭിച്ച തീയതി മുതല്‍ 42 ദിവസ കാലയളവിനുള്ളില്‍ അന്നു നിലവിലുണ്ടായിരുന്ന 11 ഓര്‍ഡിനന്‍സുകള്‍ വീണ്ടും പ്രഖ്യാപിക്കാന്‍ കഴിയാതെവരികയും അവ റദ്ദാകുകയും ചെയ്തതുമൂലമുണ്ടായ അസാധാരണ സ്ഥിതിവിശേഷം മറികടക്കുന്നതിനായി, റദ്ദായിപ്പോയ ഓര്‍ഡിനന്‍സുകളുടെ സ്ഥാനത്തു പുതിയ നിയമ നിര്‍മാണം നടത്തുന്നതിനുവേണ്ടിയാണ് അടിയന്തരമായി ഇപ്പോള്‍ സമ്മേളനം ചേരുന്നതെന്നു സ്പീക്കര്‍ പറഞ്ഞു.

2022 ലെ കേരള ആഭരണ തൊഴിലാളി ക്ഷേമനിധി (ഭേദഗതി ഓര്‍ഡിനന്‍സ്), 2022ലെ കേരള തദ്ദേശ സ്വയംഭരണ പൊതുസര്‍വീസ് ഓര്‍ഡിനന്‍സ്, 2022ലെ കേരള വ്യവസായ ഏകജാലക ക്ലിയറന്‍സ് ബോര്‍ഡുകളും വ്യവസായ നഗരപ്രദേശ വികസനവും (ഭേദഗതി) ഓര്‍ഡിനന്‍സ്, ദി കേരള പ്രൈവറ്റ് ഫോറസ്റ്റ് (വെസ്റ്റിങ് ആന്‍ഡ് അസൈന്‍മെന്റ്) അമെന്റ്‌മെന്റ് ഓര്‍ഡിനന്‍സ്, ദി കേരള ലോക് ആയുക്ത(അമെന്റ്‌മെന്റ്) ഓര്‍ഡിനന്‍സ് 2022, 2022ലെ കേരള മാരിടൈം ബോര്‍ഡ് (ഭേദഗതി) ഓര്‍ഡിനന്‍സ്, 2022ലെ കേരള കന്നുകാലിത്തീറ്റ, കോഴിത്തീറ്റ, ധാതുലവണ മിശ്രിതം (ഉത്പാദനവും വില്‍പ്പനയും നിയന്ത്രിക്കല്‍) ഓര്‍ഡിനന്‍സ്, 2022ലെ കേരള സഹകരണ സംഘ (രണ്ടാം ഭേദഗതി) ഓര്‍ഡിനന്‍്‌സ, ദി കേരള പബ്ലിക് ഹെല്‍ത്ത് ഓര്‍ഡിനന്‍സ് 2022, ദി കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ (അഡിഷണല്‍ ഫങ്ഷന്‍സ് ആസ് റെസ്‌പെക്റ്റ്‌സ് സെര്‍ട്ടന്‍ കോര്‍പ്പറേഷന്‍സ് ആന്‍ഡ് കമ്പനീസ്) അമെന്റ്‌മെന്റ് ഓര്‍ഡിനന്‍സ് 2022, ദി കേരള പബ്ലിക് എന്റര്‍പ്രൈസസ് സെലക്ഷന്‍ ആന്‍ഡ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ഓര്‍ഡിനന്‍സ് 2022 എന്നിവയാണു പുനഃപ്രഖ്യാപനം നടത്താന്‍ കഴിയാത്തതുമൂലം റദ്ദായിപ്പോയത്.

ആറാം സമ്മേളനത്തിന്റെ ആദ്യ ദിനമായ ഓഗസ്റ്റ് 22ന് ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75 സംവത്സരങ്ങള്‍ അനുസ്മരിച്ചുള്ള പ്രത്യേക യോഗം ചേരും. അന്നു മറ്റു നടപടികള്‍ ഉണ്ടാകില്ല. ഓഗസ്റ്റ് 23ന് 2022ലെ കേരള സഹകരണ സംഘ (രണ്ടാം ഭേദഗതി) ബില്‍, 2022ലെ കേരള മാരിടൈം ബോര്‍ഡ്(ഭേദഗതി) ബില്‍, 2021ലെ കേരള റദ്ദാക്കലും ഒഴിവാക്കലും ബില്‍ എന്നിവയുടേയും 24ന് ദി കേരള ലോക് ആയുക്ത(അമെന്റ്‌മെന്റ്) ബില്‍ 2022, ദി കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ (അഡിഷണല്‍ ഫങ്ഷന്‍സ് അസ്റെസ്‌പെറ്റ്‌സ് സെര്‍ട്ടന്‍ കോര്‍പ്പറേഷന്‍സ് ആന്‍ഡ് കമ്പനീസ് അമെന്റ്‌മെന്റ് ബില്‍, 2022ലെ കേരള ആഭരണ തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ബില്‍ എന്നിവയുടേയും അവതരണത്തിനും സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയക്കണമെന്ന പ്രമേയത്തിന്റെ പരിഗണനയ്ക്കും വിനിയോഗിക്കും.

ആദ്യ ദിനമായ ഓഗസ്റ്റ് 22നു സഭ പിരിഞ്ഞതിനു ശേഷം യോഗം ചേരുന്ന കാര്യോപദേശക സമിതി തുടര്‍ന്നുള്ള ദിനങ്ങളിലെ നിയമനിര്‍മാണത്തിനായുള്ള സമയക്രമം സംബന്ധിച്ചു ചര്‍ച്ചചെയ്തു യുക്തമായ തീരുമാനമെടുക്കും.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായി നിയമസഭാ മ്യൂസിയത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിട്ടുള്ള ഓഡിയോ – വിഡിയോ പ്രദര്‍ശനം ഓഗസ്റ്റ് 24 വരെ നീട്ടിയിട്ടുണ്ടെന്ന് സ്പീക്കര്‍ അറിയിച്ചു. നിയമസഭാ ലൈബ്രറിയുടെ നൂറാം വാര്‍ഷികാഘോഷ പരിപാടികളുടേയും പ്രദര്‍ശനത്തിന്റെയും അടുത്ത ഘട്ടം സെപ്റ്റംബര്‍ 17, 18 തീയതികളില്‍ കോഴിക്കോട് സംഘടിപ്പിക്കും. സഭാ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കായി കെ-ലാംപ്‌സിന്റെ ആഭിമുഖ്യത്തില്‍ ഒരു ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു. നിയമസഭാ സെക്രട്ടറി എ.എം. ബഷീറും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!