ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രമേയം കൊണ്ടുവരാന്‍ നീക്കവുമായി കേരള സര്‍വകലാശാല. ഇന്ന് ചേരുന്ന സെനറ്റ് യോഗത്തില്‍ ഗവര്‍ണര്‍ക്കെതിരെ പ്രമേയം കൊണ്ടുവരാനാണ് നീക്കം. വി സിയെ തിരഞ്ഞെടുക്കാനുള്ള സെര്‍ച്ച് കമ്മറ്റി രൂപീകരിച്ചത് ഏകപക്ഷീയമായെന്നാണ് സര്‍വകലാശാലയുടെ വിലയിരുത്തല്‍. ഗവര്‍ണര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. ഇത് സംബന്ധിച്ച് ഇന്ന് ചര്‍ച്ച ചെയ്യും.
സര്‍വ്വകലാശാല വൈസ് ചാന്‍സിലറെ തെരഞ്ഞെടുക്കാനുള്ള സെര്‍ച്ച് കമ്മറ്റി രൂപീകരിക്കുന്നത് ഗവര്‍ണറുടെയും സര്‍വ്വകലാശാലയുടെയും യുജിസിയുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തിയാണ്. എന്നാല്‍ ചാന്‍സലറുടെ പ്രതിനിധിയെയും യുജിസി പ്രതിനിധിയെയും മാത്രം ഉള്‍പ്പെടുത്തിയാണ് ഗവര്‍ണര്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത്. സര്‍വ്വകലാശാല നോമിനിയെ സമയത്ത് നല്‍കാത്തതിനാലായിരുന്നു നീക്കം. പിന്നീട് തീരുമാനിക്കുന്നത് പ്രകാരം സര്‍വ്വകലാശാല പ്രതിനിധിയെ ഉള്‍പ്പെടുത്താമെന്ന് രാജ്ഭവന്‍ അറിയിച്ചു. എന്നാല്‍ സര്‍വകലാശാലയുടെ പ്രതിനിധി ഇല്ലാതെ ഗവര്‍ണര്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചതാണ് നീക്കത്തിന് പിന്നിലെ കാരണം. ഗവര്‍ണര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനെക്കുറിച്ചും സര്‍വ്വകലാശാലയുടെ ആലോചനയിലുണ്ട്.
അതേസമയം ജൂലൈ 15ന് ചേര്‍ന്ന് സെനറ്റ് യോഗത്തില്‍ സെര്‍ച് കമ്മിറ്റിയിലേക്കുള്ള സെനറ്റ് പ്രതിനിധി ആയി ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ.വി.കെ.രാമചന്ദ്രന്റെ പേര് നിര്‍ദ്ദേശിച്ചിരുന്നു.എന്നാല്‍ പിന്നീട് അദ്ദേഹം ഈ സ്ഥാനത്തു നിന്ന് സ്വയം ഒഴിവാകുകയായിരുന്നു.