ആൾട്ട് ന്യൂസ് സഹസ്ഥാപകനും മാധ്യമ പ്രവർത്തകനുമായ മുഹമ്മദ് സുബൈറിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി.ഉത്തര്‍പ്രദേശില്‍ രജിസ്റ്റര്‍ ചെയ്ത ഏഴ് കേസുകളിലും സുപ്രീം കോടതി ഇടക്കാലജാമ്യം അനുവദിച്ചു. സുബൈറിനെ കസ്റ്റഡിയില്‍ വെക്കുന്നതില്‍ ന്യായീകരണമില്ലെന്ന് സുപ്രീം കോടതി പറഞ്ഞു.ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. ഇന്ന് വൈകിട്ട് ആറ് മണിക്ക് മുമ്പായി മുഹമ്മദ് സുബൈറിനെ പുറത്തിറക്കണമെന്നും കോടതി പ്രത്യേകം നിർദേശിച്ചു.ദല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ നേരത്തെ സുബൈറിന് ജാമ്യം ലഭിച്ചിരുന്നു. സുബൈറിനെതിരായ എല്ലാ കേസുകളും ദല്‍ഹിയിലേക്ക് മാറ്റാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അറസ്റ്റ് ചെയ്യാനുള്ള അധികാരം ഏറ്റവും മിതമായി ഉപയോഗിക്കണമെന്നും കോടതി പരാമര്‍ശിച്ചു. ഏഴ് കേസുകളാണ് മുഹമ്മദ് സുബൈറിനെതിരെ യുപിയിൽ രജിസ്റ്റർ ചെയ്തിരുന്നത്. നേരത്തെ സീതാപ്പൂരിൽ രജിസ്റ്റർ ചെയ്ത കേസിലും മുഹമ്മദ് സുബൈറിന് സുപ്രീംകോടതി ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. ഇത് പിന്നീട് സെപ്തംബർ 7 വരെ നീട്ടി.1983ലെ ‘കിസി സേ ന കഹാ’ എന്ന ഹിന്ദി ചിത്രത്തിലെ ഒരു ദൃശ്യം പങ്കുവച്ച് നടത്തിയ ട്വീറ്റിലാണ് മാധ്യമപ്രവര്‍ത്തകൻ മുഹമ്മദ് സുബൈറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മതവികാരം വ്രണപ്പെടുത്തല്‍, വിദ്വേഷം വളർത്തല്‍ തുടങ്ങിയ വകുപ്പുകള്‍ സുബൈറിനെതിരെ ചുമത്തിയിട്ടുണ്ട്. ഹനുമാന്‍ ഭക്ത് എന്ന വ്യക്തിവിവരങ്ങള്‍ ഇല്ലാത്ത ട്വിറ്റർ ഐഡി ഇക്കാര്യം ചൂണ്ടിക്കാട്ടി ദില്ലി പൊലീസിനെ ടാഗ് ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടായത്. നേരത്തെ ജാമ്യം ലഭിച്ചിരുന്ന കേസുകളിൽ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരണം പാടില്ലെന്ന ജാമ്യ വ്യവസ്ഥയും സുപ്രീം കോടതി നീക്കി.
ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന് ജാമ്യം;കേസ് യുപി പൊലീസ് അന്വേഷിക്കേണ്ട ഡൽഹി പൊലീസ് അന്വേഷിച്ചാൽ മതിയെന്ന് സുപ്രീംകോടതി

