സ്ത്രീപീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ മന്ത്രി എകെ ശശീന്ദ്രന്‍ നുണ പറയുകയാണെന്ന് മുന്‍ എംഎല്‍എ വിടി ബല്‍റാം.സ്ത്രീപീഡന പരാതിയാണെന്ന കാര്യം അറിയാതെയാണ് താന്‍ ഫോണ്‍ വിളിച്ചതെന്ന് പറയുന്നതിലൂടെ മന്ത്രി ശശീന്ദ്രന്‍ ആവര്‍ത്തിച്ച് നുണ പറയുകയാണെന്ന് വി ടി ബൽറാം. മന്ത്രിക്ക് എല്ലാ കാര്യത്തിനെകുറിച്ചും അറിയാമായിരുന്നുവെന്ന് ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തില്‍ തന്നെ വ്യക്തമാണെന്നും വിടി ബല്‍റാം പറയുന്നു.ഇക്കാര്യം മുഖ്യമന്ത്രി ഇടപെട്ട് ‘നല്ല നിലയില്‍ തീര്‍പ്പാക്കണം’ എന്നും മുന്‍ എംഎല്‍എ പരിഹസിച്ചു. സ്ത്രീ സുരക്ഷ മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന പിങ്ക് പൊലീസ് സംവിധാനത്തിന്റെ വാര്‍ത്ത പങ്കുവെച്ചുകൊണ്ടാണ് വിടി ബല്‍റാമിന്റെ പ്രതികരണം.
വിടി ബല്‍റാമിന്റെ പ്രതികരണത്തിന്റെ പൂര്‍ണരൂപം
സ്ത്രീപീഡന പരാതിയാണെന്ന കാര്യം അറിയാതെയാണ് താന്‍ ഫോണ്‍ വിളിച്ചതെന്ന് പറയുന്നതിലൂടെ മന്ത്രി ശശീന്ദ്രന്‍ ആവര്‍ത്തിച്ച് നുണ പറയുകയാണ്. മന്ത്രിയുടെ ഫോണ്‍ സംഭാഷണത്തില്‍ ഇക്കാര്യം താനറിഞ്ഞിട്ടുണ്ടെന്ന് ഒന്നിലേറെ തവണ അദ്ദേഹം തന്നെ എടുത്തു പറയുന്നുണ്ട്.
തനിക്കെതിരെയുണ്ടായ അതിക്രമത്തേക്കുറിച്ച് യുവതി പോലീസില്‍ പരാതി കൊടുത്തിട്ടും എസ്പിയെ വരെ നിരന്തരം സമീപിച്ചിട്ടും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലും തയ്യാറായില്ല എന്നത് ഇക്കാര്യത്തിലുണ്ടായിട്ടുള്ള രാഷ്ട്രീയ സമ്മര്‍ദ്ദത്തെയാണ് സൂചിപ്പിക്കുന്നത്. ആ സമ്മര്‍ദ്ദത്തിന്റെ തുടര്‍ച്ചയാണ് മന്ത്രിയുടെ വാക്കുകളില്‍ കേള്‍ക്കാവുന്ന ഭീഷണി സ്വരവും. മന്ത്രി ശശീന്ദ്രന്റേത് സത്യപ്രതിജ്ഞാലംഘനം മാത്രമല്ല, ഒരു കുറ്റകൃത്യത്തെ പിന്തുണക്കുന്നതും നിയമവാഴ്ചയെ അട്ടിമറിക്കുന്നതുമായ ഗുരുതരമായ പ്രശ്‌നമാണ്.
ശശീന്ദ്രനെ എത്രയും വേഗം മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി ഈ ഗുരുതരമായ പ്രശ്‌നം മുഖ്യമന്ത്രി #നല്ലബനിലയില്‍ബതീര്‍ക്കണം.
ഈ സംഭവത്തിലെ സര്‍വൈവര്‍ക്ക് നീതി ലഭിക്കണം. കേരളത്തിലെ സ്ത്രീകള്‍ക്ക് ഈ സര്‍ക്കാരിലെ വേട്ടക്കാരില്‍ നിന്ന് സംരക്ഷണം ലഭിക്കണം.