കര്‍ണാടക കോണ്‍ഗ്രസില്‍ യാതൊരു ഭിന്നതയുമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ. സിദ്ധരാമയ്യയും പിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാറും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന തരത്തില്‍ പുറത്തു വന്ന വാര്‍ത്തകള്‍ തള്ളി സിദ്ധരാമയ്യ രംഗത്തെത്തിയത്. ഒരുമിച്ച് നിന്ന് പാര്‍ട്ടിയെ കെട്ടിപ്പടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഞങ്ങള്‍ ഒറ്റക്കെട്ടാണ്, ഒരുമിച്ചു നിന്ന് പാര്‍ട്ടിയെ കെട്ടിപടുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. കര്‍ണാടക കോണ്‍ഗ്രസില്‍ യാതൊരു പ്രശ്നവുമില്ല. പാര്‍ട്ടിയെ തിരികെ അധികാരത്തിലെത്തിക്കുവാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്’, സിദ്ധരാമയ്യ പറഞ്ഞു.
‘മുഖ്യമന്ത്രി സ്ഥാനത്തുനിന്നും ബിഎസ് യെദ്യൂരപ്പ രാജിവെച്ചേക്കും എന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ അടുത്ത തെരഞ്ഞെടുപ്പിനെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം. അതിനിടെ ഇന്ന് ഡല്‍ഹിയിലെത്തുന്ന സിദ്ധരാമയ്യ ഡി കെ ശിവകുമാറിനോടൊപ്പം ഇന്ന് സോണിയ ഗാന്ധിയുള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തും. 2023 ലെ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായാണ് കൂടിക്കാഴ്ച്ച എന്നാണ് റിപ്പോര്‍ട്ട്.
യെദ്യൂരപ്പ രാജിവെച്ചേക്കും എന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ ഇടക്കാല തെരഞ്ഞെടുപ്പുള്‍പ്പെടെ ലക്ഷ്യം വെച്ചാണ് കോണ്‍ഗ്രസിന്റെ നീക്കം. അതേസമയം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ആര് നയിക്കും എന്നത് സംബന്ധിച്ച് നേതാക്കള്‍ക്കിടയില്‍ ഭിന്നതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി സിദ്ധരാമയ്യയെ ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് ഒരു വിഭാഗം ഉയര്‍ത്തുന്ന ആവശ്യം. ഇന്ന് ഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഇതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം പരിഹരിക്കപ്പെടുമെന്നാണ് നേതാക്കള്‍ അഭിപ്രായപ്പെടുന്നത്.

