കുറ്റിക്കാട്ടൂര്‍: കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്ക് തിരിച്ചു വരാന്‍ തയ്യാറെടുക്കുന്ന പ്രവാസി സമൂഹത്തോട് കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകള്‍ കാണിക്കുന്ന ക്രൂരമായ വിവേചനത്തിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി പെരുവയല്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുറ്റിക്കാട്ടൂരില്‍ പ്രതിഷേധപ്രകടനവും സംഗമവും സംഘടിപ്പിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി ഇ പി അന്‍വര്‍ സാദത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. അമിതമായ ചാര്‍ജ് ഈടാക്കി പ്രവാസി സമൂഹത്തിന്റെ നാട്ടിലേക്കുള്ള വരവ് തടസ്സപ്പെടുത്താനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നത്. കോവിഡ് വ്യാപനത്തെ തടയുന്നതില്‍ മുന്‍പന്തിയിലെന്ന് അവകാശവാദം ഉന്നയിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നാടിന്റെ നട്ടെല്ലായ പ്രവാസി സമൂഹത്തെ പരമാവധി ദ്രോഹിക്കുന്ന നിലപാടാണ് സ്വീകരിച്ചു വരുന്നത് എന്നും അദ്ദേഹം പറഞ്ഞു. നാട്ടിലേക്ക് തിരിച്ചു വരാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ പ്രവാസികള്‍ക്കും സൗജന്യ യാത്രാ സൗകര്യം ഒരുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണ്ഡലം പ്രസിഡന്റ് ടി പി ഷാഹുല്‍ ഹമീദ്, പഞ്ചായത്ത് പ്രസിഡന്റ് സമദ് നെല്ലിക്കോട്, സെക്രട്ടറി അഷ്‌റഫ് വെള്ളിപറമ്പ് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് എക്‌സിക്യൂട്ടീവ് അംഗങ്ങളായ അനീസ് മുണ്ടോട്ട്, മുസ്ലിഹ് പെരിങ്ങൊളം, റഫീഖ് കുറ്റിക്കാട്ടൂര്‍, ടി കെ അബ്ദുല്ല, ബക്കര്‍ വെള്ളിപറമ്പ്, നൗഫല്‍ മുണ്ടോട്ട് എന്നിവര്‍ നേതൃത്വം നല്‍കി.
പ്രവാസി സമൂഹത്തോട് കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകള്‍ കാണിക്കുന്നത് ക്രൂരമായ വിവേചനം: വെല്‍ഫെയര്‍ പാര്‍ട്ടി

