ഹൈദരാബാദിൽ മൃഗ ഡോക്ടറെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതികളെ വധിച്ചത് വ്യാജ ഏറ്റുമുട്ടലിലൂടെയെന്ന് കണ്ടെത്തൽ. സുപ്രീം കോടതി നിയമിച്ച സമിതിയുടേതാണ് കണ്ടെത്തൽ. ഏറ്റുമുട്ടലിന്റെ ഭാഗമായ പോലീസുകാർക്കെതിരെ കൊല കുറ്റത്തിന് കേസെടുക്കണമെന്നും നാല് പ്രതികളിൽ മൂന്ന് പേർ പ്രായപൂർത്തി ആകാത്തവരാണെന്നും സമിതി കോടതിയിൽ വ്യക്തമാക്കി. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് മുന്നിലാണ് സമിതി റിപ്പോർട്ട് സമർപ്പിച്ചത്.
2019 നവംബർ 28 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. തെലുങ്കാനയിൽ 27 കാരിയായ മൃഗ ഡോക്ടറെ നാലംഗ സംഘം ബലാത്സംഗം ചെയ്ത് കൊന്ന് കത്തിക്കുകയായിരുന്നു. കൊലപാതക വിവരം പുറത്തറിഞ്ഞതിനെ തുടർന്ന് വൻ ജന രോക്ഷം ഉയർന്നു. ഇതിനെ തുടർന്ന് പോലീസ് നാല് പ്രതികളെ പിടികൂടുകയും അവർ പിന്നീട് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു എന്നുമായിരുന്നു പോലീസ് വിശദീകരണം.
2019 ഡിസംബർ ആറിന് ഹൈദരാബാദിൽ നിന്ന് 50 കിലോമീറ്റർ അകലെ ഷാദ്‌നഗറിലെ ചാത്തനപ്പള്ളി അണ്ടർപാസിന് സമീപത്താണ് പ്രതികൾ വെടിയേറ്റ് കൊല്ലപ്പെട്ടത്.