കുന്ദമംഗലം; ലോക്ക്ഡൗണിന്റെ പ്രയാസങ്ങള്‍ക്കിടയില്‍ ചൂലൂര്‍ എം.വി.ആര് കാന്‍സര്‍ സെന്ററില്‍ ഒറ്റപ്പെട്ടു പോയ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സമൃദ്ധമായ ഇഫ്താറും അത്താഴവും നല്കി എസ്.വൈ.എസിന്റെ സാന്ത്വനം. കഴിഞ്ഞ വര്‍ഷങ്ങളില്‍ വളരെ വിപുലമായി കുന്ദമംഗലം സോണ്‍ എസ് വൈ എസിന്റെ കാര്‍മികത്വത്തില്‍ എം. വി. ആര് കാന്‍സര്‍ സെന്ററിലെ രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കും ജീവനക്കാര്‍ക്കും വേണ്ടി സംഘടിപ്പിച്ചിരുന്ന നോമ്പുതുറയും അത്താഴവും കോവിഡ് 19 മായി ബന്ധപ്പെട്ട പ്രത്യേക സാഹചര്യത്തില്‍ തല്ക്കാലം നിര്‍ത്തിവെക്കാന്‍ സംഘടന തീരുമാനിച്ചതായിരുന്നു. അതിനിടയിലാണ് ഒരു വിധേനയും ഭക്ഷണം ലഭ്യമാകാത്ത ഏതാനും പേരുടെ ദൈന്യത എം.വി.ആര് ആശുപത്രിയിലെ ജീവനക്കാരില്‍ ചിലര്‍ എസ്.വൈ.എസ് സോണ്‍ നേതാക്കളെ വിളിച്ചറിയിക്കുന്നത്.
അങ്ങനെ നാലു പേര്‍ക്ക് വേണ്ടി ഭക്ഷണം ലഭ്യമാക്കാന്‍ സംഘടന മുന്നോട്ടുവരികയായിരുന്നു. പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചപ്പോള്‍ കൂടുതല്‍പേര്‍ ആവശ്യക്കാരായി ഉണ്ടെന്ന് ബോധ്യമാവുകയും അവര്‍ക്കും ഭക്ഷണം ഒരുക്കുകയും ചെയ്തു.
നിലവില്‍ എഴുപതോളം പേര്‍ക്ക് ഇഫ്താറും അത്താഴവും തയ്യാറാക്കി എത്തിക്കുന്നുണ്ട്. പ്രത്യേക സാഹചര്യത്തില്‍ മുന്‍വര്‍ഷങ്ങളിലെ പോലെ സാമ്പത്തിക സഹായങ്ങള്‍ കണ്ടെത്താനായില്ലെങ്കിലും കൂട്ടമായിരുന്നു ഭക്ഷിക്കാനുള്ള ഇഫ്താര്‍ പന്തല്‍ ഇല്ല എന്നത് ഒഴിച്ചുനിറുത്തിയാല്‍ മുന്‍വര്‍ഷങ്ങളിലെ പോലെ ആവശ്യക്കാര്‍ക്ക് നല്ല സേവനം ലഭ്യമാക്കാനായി എന്നതിന്റെ നിര്‍വൃതിയിലാണ് എസ്.വൈ.എസ് കുന്ദമംഗലം സോണ്‍ സാരഥികള്‍
ലോക്ഡൗണിലും എം.വി.ആറില്‍ സമൃദ്ധിയുടെ ഇഫ്താര്‍

