തിരുവനന്തപുരം: തിരുവനന്തപുരം വെള്ളനാട് കിണറ്റില്‍ വീണ കരടിയെ മയക്കുവെടിവെച്ച് രക്ഷപെടുത്താനുള്ള നീക്കം പിഴക്കുന്നു. മയക്കുവെടിയേറ്റ കരടി മയങ്ങി കിണറ്റിലെ വെള്ളത്തില്‍ മുങ്ങിയ സാഹചര്യത്തിൽ കരടിയുടെ ജീവൻ നിലനിൽക്കുന്ന കാര്യത്തിൽ വലിയ ആശങ്കയാണ് ഉടലെടുക്കുന്നത്. ഏകദേശം 4 മീറ്ററോളം താഴ്ചയിലാണ് കരടി മുങ്ങി കിടക്കുന്നതെന്നാണ് വനം വകുപ്പ് വ്യക്തമാക്കുന്നത്.
ശ്വാസകോശത്തില്ലേക്ക് വെള്ളം കടക്കാൻ ഇടയായാൽ കരടിയുടെ ജീവൻ അധിക സമയം നിലനിൽക്കില്ല എന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. കരടി പൂർണ്ണ ആരോഗ്യവാൻ അല്ലെങ്കിൽ ജീവൻ തിരിച്ച് കിട്ടുന്ന കാര്യത്തിൽ സംശയമാണെന്നും വിദഗ്ദ്ധർ പറയുന്നു.
അതേസമയം മോട്ടോര്‍ വച്ച് വെള്ളംവറ്റിക്കാനുള്ള നീക്കവും പുരോഗമിക്കുന്നു. മയങ്ങിയ കരടി വെള്ളത്തിലായിട്ട് അരമണിക്കൂറോളം സമയം പിന്നിട്ടു. ബുധനാഴ്ച രാത്രിയായിരുന്നു കണ്ണംപ്പള്ളി സ്വദേശി പ്രഭാകരന്റെ വീട്ടിലെ കിണറ്റില്‍ കരടി വീണത്.

