തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താനായി സ്ഥാപിച്ച എഐ ക്യാമറകൾ ഇന്നു മുതൽ പ്രവർത്തിച്ചു തുടങ്ങും. സംസ്ഥാനത്തുടനീളമായി സ്ഥാപിച്ചിട്ടുള്ള 726 ക്യാമറകളാണ് ഇന്നു മുതൽ പിഴ ഈടാക്കുക. മുഖ്യമന്ത്രി പിണറായി വിജയൻ എഐ ക്യാമറകൾ ഇന്ന് ഉദ്ഘാടനം ചെയ്യും.
ഹെൽമറ്റ് ധരിക്കാതെയുള്ള ഇരുചക്ര വാഹന യാത്ര, സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള കാർ യാത്ര എന്നിവ കണ്ടുപിടിക്കാനും അപകടം ഉണ്ടാക്കിയ ശേഷം നിർത്താതെ പോകുന്ന വാഹനങ്ങളെ പിടികൂടാനും വേണ്ടിയാണ് 675 ക്യാമറകൾ ഉപയോഗിക്കുന്നത്.
അനധികൃത പാർക്കിങ് പിടികൂടുന്നതിന് 25 ക്യാമറകളും റെഡ് ലൈറ്റ് അവഗണിച്ചു പോകുന്നവരെ പിടികൂടാൻ 18 ക്യാമറകളും ഉണ്ടാകും. എല്ലാ ജില്ലയിലും കൺട്രോൾ റൂം സംവിധാനവും ഒരുക്കും. അമിത വേഗം കണ്ടുപിടിക്കുന്നതിനു 4 ഫിക്സഡ് ക്യാമറകളും വാഹനങ്ങളിൽ ഘടിപ്പിച്ച 4 ക്യാമറകളും പ്രവർത്തം ആരംഭിക്കുന്നുണ്ട്.
ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച വാഹനങ്ങള്‍ക്ക് മാത്രമാകും പിഴയിൽ നിന്നും ഇളവുണ്ടാവുക. നിയമലംഘനം ക്യാമറ പിടികൂടിയാൽ ഉടൻ വാഹന ഉടമയുടെ മൊബൈലേക്ക് പിഴയടക്കാനുള്ള സന്ദേശമെത്തും. ഒരാഴ്ചക്കുള്ളിൽ പോസ്റ്റിലൂടെ ഇ- ചെല്ലാനുമെത്തും. 30 ദിവസത്തിനുളളിൽ പിഴ അടച്ചില്ലെങ്കിൽ മോട്ടോർ വാഹനവകുപ്പ് നോട്ടീസച്ച് തുടർ നടപടികളിലേക്ക് കടക്കും.