പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ആയി നിയമിച്ചതിൽ പാര്‍ട്ടിക്കകത്ത് ഒരു ഭിന്നതയുമില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. പി.ശശിയുടെ നിയമനം പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഏകകണ്ഠമായാണ് അംഗീകരിച്ചത്. മറിച്ചുള്ള റിപ്പോര്‍ട്ടുകളെല്ലാം വസ്തുതാവിരുദ്ധമാണ്. പലവിധ അഭിപ്രായങ്ങളുണ്ടാകാം, പക്ഷെ തീരുമാനം ഏകകണ്ഠമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
പി ശശിക്ക് യാതൊരുവിധ അയോഗ്യതയുമില്ല. ചില വിഷയങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരേ നടപടി ഉണ്ടായേക്കാം. ഒരിക്കല്‍ പുറത്താക്കപ്പെട്ടാല്‍ അയാള്‍ ആജീവനാന്തം പുറത്താക്കപ്പെടണ്ടേ ആളാണെന്നത് തെറ്റായ ധാരണയാണ്. തെറ്റ് പറ്റാത്തവരായി ആരുമില്ല മനുഷ്യരായി. പൊതുപ്രവര്‍ത്തനത്തിനിടെ ചില തെറ്റുകള്‍ സംഭവിച്ചേക്കാം. അത് പരിഹരിക്കാനും ഇനി ആവര്‍ത്തിക്കാതിരിക്കാനുമാണ് പാര്‍ട്ടി നടപടി സ്വീകരിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.ഇന്നലെയാണ് പി ശശിയുടെ നിയമനത്തില്‍ എതിര്‍പ്പ് പ്രകടമാക്കി പി ജയരാജന്‍ രംഗത്തെത്തിയത്. എന്നാല്‍ എതിര്‍പ്പുണ്ടായിരുന്നെങ്കില്‍ നേരത്തെ അറിയിക്കണമെന്ന് പാര്‍ട്ടി പി ജയരാജന് മറുപടി നല്‍കി. എന്നാല്‍ സംസ്ഥാന കമ്മിറ്റിയില്‍ വരുമ്പോഴല്ലേ ചര്‍ച്ച ചെയ്യാന്‍ കഴിയൂ എന്ന് ജയരാജന്‍ ചോദിച്ചു.
പൊളിറ്റിക്കല്‍ സെക്രട്ടറി നിയമനത്തില്‍ സൂക്ഷ്മത പുലര്‍ത്തണമെന്നും ചെയ്ത തെറ്റ് ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും പി ജയരാജന്‍ പറഞ്ഞു. സൂക്ഷ്മതയില്ലാത്ത തീരുമാനത്തിന്റെ പേരില്‍ വീഴ്ചകള്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും സംസ്ഥാനസമിതി യോഗത്തില്‍ അദ്ദേഹം തുറന്നടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.