തിരുവനന്തപുരം നെടുമങ്ങാട് ജില്ല ആശുപത്രിയില്‍ പ്രസവ ശാസ്ത്രക്രിയക്കിടെ നവജാതശിശു മരിച്ച സംഭവത്തില്‍ പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ആശുപത്രി സൂപ്രണ്ടിന്റെ പരാതിയെ തുടര്‍ന്നാണ് നെടുമങ്ങാട് പൊലീസ് കേസെടുത്തത്. കണ്ടാലറിയാവുന്ന ഒരു കൂട്ടം ആള്‍ക്കാര്‍ക്കെതിരെയാണ് കേസെടുത്തത്.
അതേസമയം, കുഞ്ഞിന്റെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം പാലോട് പന്നിയോട്ടുകടവുള്ള വീട്ടിലാണ് ചടങ്ങുകള്‍ നടന്നത്.
സംഭവത്തില്‍, ആരോഗ്യവകുപ്പ് നിര്‍ദേശിച്ച സര്‍ക്കാര്‍ തല അന്വേഷണവും പുരോഗമിക്കുകയാണ്. എസ്എടി ആശുപത്രിയിലെ മൂന്ന് ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെത്തി കുഞ്ഞിന്റെ അമ്മയുടെയും അച്ഛന്റെയും മൊഴി രേഖപ്പെടുത്തി. മാതാപിതാക്കള്‍ ഗൈനക്കോളജിസ്റ്റ് ബിന്ദു സുന്ദറിനെതിരെയുള്ള ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. രണ്ടുതവണയായി കൈക്കൂലി ആവശ്യപ്പെട്ടെന്നും ആരോപണമുണ്ട്. ഈ കാര്യങ്ങള്‍ വിദഗ്ധസമിതിക്കു മുന്നിലും മാതാപിതാക്കള്‍ അറിയിച്ചു. അന്വേഷണം റിപ്പോര്‍ട്ട് ഉടന്‍ ആരോഗ്യവകുപ്പിന് കൈമാറുമെന്നാണ് വിവരം. അതേസമയം, കുഞ്ഞിന്റെ മരണത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും നിര്‍ണായകമാകും.

