കോഴിക്കോട്: ഹക്കീം ഫൈസി അദൃശ്ശേരിയുമായി വേദി പങ്കിടരുതെന്ന് സമസ്തയുടെ യുവജനവിഭാഗം. സമസ്ത നടപടി സ്വീകരിച്ചവരെ പരിപാടികളിൽ പങ്കെടുപ്പിക്കുന്നത് ശരിയല്ലെന്നും അദൃശ്ശേരിയെ പരിപാടികൾക്ക് ക്ഷണിക്കാൻ പാടില്ലെന്നും നേതാക്കൾ അദൃശ്ശേരിയുമായി സഹകരിക്കാൻ പാടില്ലെന്നുമാണ് എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് സംയുക്ത യോഗത്തിൻ്റേതാണ് തീരുമാനം.
സമസ്തയുടെ അധികാരം കുറയ്ക്കുന്ന തരത്തിൽ ഭരണഘടനാ ഭേദഗതി കൊണ്ടു വന്നതുൾപ്പെടെയുള്ള വിഷയങ്ങളെച്ചൊല്ലിയാണ് സമസ്തയും കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ് ജനറൽ സെക്രട്ടറി ഹക്കീം ഫൈസി അദൃശ്ശേരിയും തമ്മിൽ പോര് രൂക്ഷമായത്. പ്രശ്നപരിഹാരത്തിന് പാണക്കാട് സാദിഖലി തങ്ങൾ ഇടപെട്ടിരുന്നുവെങ്കിലും ഭിന്നത അവസാനിച്ചില്ല. പിന്നാലെ സംഘടനാ വിരുദ്ധ പ്രവർത്തനം ആരോപിച്ച് സമസ്തയുടെ സ്ഥാനങ്ങളിൽ നിന്നും അദൃശ്ശേരിയെ നീക്കം ചെയ്യുകയും ചെയ്തു. സമസ്തക്ക് വഴങ്ങണമെന്ന ആവശ്യം അദൃശ്ശേരി തള്ളിയതോടെയാണ് സി ഐ സിയുമായുള്ള ബന്ധം പൂർണ്ണമായും അവസാനിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് സമസ്ത എത്തിയത്.
പാണക്കാട് സാദിഖലി തങ്ങളുടെ കൂടി അനുവാദത്തോടെയാണ് നടപടി. സി ഐ സി നടത്തിയിരുന്ന 97 വാഫി വഫിയ്യ കോളേജുകളും സമസ്ത ഏറ്റെടുക്കും. ഇതോടെ ഹക്കീം ഫൈസി അദൃശ്ശേരി അപ്രസക്തനാകുമെന്നാണ് സമസ്തയുടെ കണക്കു കൂട്ടൽ . ചില കോളേജുകൾ അദൃശ്ശേരിക്കൊപ്പം നിലയുറപ്പിക്കാനുള്ള സാധ്യതയും സമസ്ത തള്ളുന്നില്ല. അങ്ങനെ വന്നാൽ ഈ കോളേജുകൾക്കെതിരെ നടപടി സ്വീകരിക്കാനാണ് സമസ്തയുടെ തീരുമാനം. സമസ്ത സി ഐ സി പോരിൽ സി ഐസിക്കൊപ്പമായിരുന്നു മുസ്ലീം ലീഗ് ആദ്യം നിലയുറപ്പിച്ചത്. സമസ്ത നിലാപാട് കടുപ്പിച്ചതോടെ ലീഗ് പിന്നീട് മയപ്പെട്ടു.