ഇ.എം.സി.സി വിവാദത്തിൽ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങള്‍ അസംബന്ധമെന്ന് ആവര്‍ത്തിച്ച് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. ഇഎംസിസി പ്രതിനിധികള്‍ കേരളത്തില്‍ വന്ന് തന്നെ കണ്ടിട്ടുണ്ട്. ആളുകള്‍ വന്ന് കാണുന്നത് അപരാധമല്ലെന്നും നയം അനുസരിച്ചേ തീരുമാനം എടുക്കുകയുള്ളുവെന്നും മന്ത്രി പറഞ്ഞു.
നയത്തെ വെല്ലുവിളിക്കാന്‍ ഒരു ശ്കതിയേയും അനുവദിക്കില്ല. വിരുദ്ധമായി ചെയ്തിട്ടുണ്ടെങ്കില്‍ ഉത്തരവാദിത്തം ഉദ്യോഗസ്ഥാനാണ്. ഉദ്യോഗസ്ഥന്‍റെ പൂതി നടപ്പാക്കില്ല. ഉദ്യോഗസ്ഥന്‍ ആരെന്ന് എല്ലാവര്‍ക്കും അറിയാം. പദ്ധതി നടപ്പാകില്ലെന്ന് ഇഎംസിസി പ്രതിനിധികളെ അറിയിച്ചതാണ്. ഉടമസ്ഥത മീന്‍പിടിത്തക്കാര്‍ക്ക് നല്‍കാമെന്നായിരുന്നു ഇഎംസിസി അറിയിച്ചത്. ഐക്യരാഷ്ട്രസഭയുടെ ക്ഷണപ്രകാരമുള്ള പരിപാടിക്ക് വേണ്ടിയാണ് അമേരിക്കയില്‍ പോയത്. അമേരിക്കയില്‍ വെച്ച് വിവാദ കമ്പനിയുമായി ചര്‍ച്ച നടന്നിട്ടില്ല. ചര്‍ച്ച നടന്നതുപ്രകാരം ധാരണപത്രത്തില്‍ ഒപ്പുവെച്ചുവെന്നുള്ള ആരോപണങ്ങള്‍ അസംബന്ധമാണ്. കേരളത്തില്‍ വെച്ച് തന്നെ ആ കമ്പനിയുടെ ആളുകള്‍ തന്നെ വന്നുകണ്ടിരുന്നു. സര്‍ക്കാര്‍ നയപ്രകാരം പദ്ധതി നടക്കില്ലെന്ന് അവരെ അറിയിച്ചിരുന്നു. എന്നാല്‍ ഇതിനെ മത്സ്യബന്ധ അനുമതിയെന്ന് പ്രതിപക്ഷ നേതാവ് ദുര്‍വ്യാഖ്യാനം ചെയ്തു. ഇതിന് പ്രതിപക്ഷ നേതാവിനെ നമിക്കുകയേ നിവൃത്തിയുള്ളു. പ്രതിപക്ഷ നേതാവ് ഇത്രയും തരംതാഴരുതെന്നും മേഴ്‍സിക്കുട്ടിയമ്മ പറഞ്ഞു.