സമരം ചെയ്യുന്ന പി.എസ്.സി. ഉദ്യോഗാര്‍ഥികളുമായുള്ള സര്‍ക്കാരിന്റെ ചര്‍ച്ച ഇന്നു വൈകിട്ട് നാലരയ്ക്ക് നടക്കും. ചര്‍ച്ചയില്‍ മന്ത്രിമാര്‍ പങ്കെടുക്കില്ല. ഹോം സെക്രട്ടറി ടി.കെ. ജോസ് ഐ.എ.എസും എ.ഡി.ജി.പി. മനോജ് എബ്രഹാമും ചര്‍ച്ചയ്ക്ക് നേതൃത്വം വഹിക്കും. സമരം ചെയ്യുന്ന റാങ്ക് ഹോള്‍ഡര്‍മാരുടെ മൂന്ന് പ്രതിനിധികളെയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരിക്കുന്നത്. ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിലുള്ള സമരക്കാര്‍ക്ക് ചര്‍ച്ചയ്ക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്തുമായി സര്‍ക്കാര്‍ പ്രതിനിധി എത്തി. സിപിഒ ഉദ്യോഗാര്‍ത്ഥികളോടും ചര്‍ച്ചയ്ക്ക് തയ്യാറാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ കത്തു നല്‍കിയതായി സമരക്കാര്‍ സ്ഥീരീകരിച്ചു. സമര നേതാവ് റിജുവിന്റെ പേരിലാണ് കത്ത് നല്‍കിയത്. റിജു സ്ഥലത്തില്ലാത്തതിനാല്‍ ലയ രാജേഷിന്റെ പേരില്‍ പുതിയ കത്തു നല്‍കിയേക്കുമെന്നാണ് സൂചന. ചര്‍ച്ചയില്‍ പങ്കെടുക്കുന്ന മൂന്നു നേതാക്കളുടെ പേരുകള്‍ സ്‌പെഷല്‍ ബ്രാഞ്ച് ശേഖരിച്ചതായും റിപ്പോര്‍ട്ടുണ്ട്.
കഴിഞ്ഞ ദിവസം വരെ സമരക്കാരുമായി ഒരുവിധ ചര്‍ച്ചയ്ക്കുമില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്നാല്‍ ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് സമരക്കാരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്ന് നിര്‍ദേശിക്കുകയായിരുന്നു. പ്രതിപക്ഷം സമരം മുതലെടുക്കുന്നത് തടയണം. ചര്‍ച്ച നടത്തി കാര്യങ്ങള്‍ സമരക്കാരോട് വിശദീകരിക്കാനും സിപിഎം നേതൃയോഗം നിര്‍ദേശം നല്‍കുകയായിരുന്നു.