പെരുവയല്‍ ഗ്രാമ പഞ്ചായത്തും വ്യാപാരി വ്യവസായി ഏകോപന സമിതി പുവ്വാട്ടുപറമ്പ് യൂണിറ്റും മെഡിക്കല്‍ കോളജ് ഓങ്കോളജി വിഭാഗവുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ‘ കാന്‍സര്‍ മുക്ത പഞ്ചായത്ത് ‘ കാമ്പയിനിന്റെ ഭാഗമായി നടത്തിയ സര്‍വ്വെയില്‍ 1258 പേര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടെത്തി. ഇവരെ 22ന് ശനിയാഴ്ച പുവ്വാട്ടു പറമ്പ് വി.പി.ഹാളില്‍ നടക്കുന്ന മെഗാ മെഡിക്കല്‍ ക്യാമ്പില്‍ വിശദപരിശോധനക്ക് വിധേയമാക്കും. ഗ്രാമ പഞ്ചായത്തില്‍ സമീപകാലത്തായി കാന്‍സര്‍ രോഗം മൂലമുള്ള മരണങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു കാമ്പയിന്‍ ആസൂത്രണം ചെയ്തത്. ആശങ്കപ്പെടുത്തുന്ന വിവരങ്ങളാണ് സര്‍വ്വെയിലൂടെ ലഭിച്ചത്. എന്നാല്‍ വിശദ പരിശോധനയിലൂടെ മാത്രമെ ലക്ഷണങ്ങള്‍ക്ക് കാന്‍സറുമായി ബന്ധമുണ്ടോ എന്ന കാര്യം വ്യക്തമാവുകയുള്ളു. 28,600 സര്‍വ്വെ ഫോറങ്ങളിലെ വിവരങ്ങള്‍ പരിശോധിച്ചതിലാണ് 1258 പേരെ വിശദ പരിശോധനക്ക് വിധേയമാക്കണമെന്ന് കണ്ടെത്തിയത്. ക്യാമ്പില്‍ പങ്കെടുക്കേണ്ടവര്‍ക്ക് ഫോണ്‍ വഴി അറിയിപ്പ് നല്‍കിക്കഴിഞ്ഞിട്ടുണ്ട്. ഹാജരാവേണ്ട സമയം രേഖപ്പെടുത്തിയ ടോക്കണും വിതരണം ചെയ്തിട്ടുണ്ട്.
അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെയുള്ള പരിശോധനയാണ് ക്യാമ്പില്‍ നടക്കുക. കൂടുതല്‍ രോഗികളെ കൃത്യമായ പരിശോധനക്ക് വിധേയമാക്കുന്നതിനാവശ്യമായ വിപുലമായ സൗകര്യങ്ങള്‍ ക്യാമ്പില്‍ ഒരുക്കിയിട്ടുണ്ട്. വളണ്ടിയര്‍മാര്‍ക്കു നടത്തിയ പരിശീലന പരിപാടിക്ക് മുന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എം.കെ.അപ്പുണ്ണി നേതൃത്വം നല്‍കി.
രോഗം കണ്ടെത്തുന്നവര്‍ക്ക് ചികിത്സ ഉറപ്പാക്കുന്നതിന് സംവിധാനമൊരുക്കുന്നതോടൊപ്പം കാന്‍സറിനിടയാക്കുന്ന സാഹചര്യങ്ങള്‍ക്കെതിരായ ബോധവല്‍ക്കരണവും കാമ്പയിനിന്റെ ഭാഗമായി നടത്തുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വൈ.വി.ശാന്ത , കാമ്പയിന്‍ കോ ഓര്‍ഡിനേറ്റര്‍ മജീദ് പി.വി.കെ. എന്നിവര്‍ അറിയിച്ചു.