Kerala News

അറിയിപ്പുകൾ

റേഷന്‍കാര്‍ഡിന്റെ പതിപ്പ് അനധികൃതമായി പ്രിന്റ് എടുത്ത് നല്‍കുന്നു

കൊയിലാണ്ടി താലൂക്കില്‍ ചില റേഷന്‍ വ്യാപാരികള്‍ ഒറ്റതിരിഞ്ഞോ സംഘടനാ തലത്തിലോ പൊതുജനങ്ങളില്‍ നിന്നും പണം സ്വീകരിച്ച് പുതിയ തരത്തിലുള്ള റേഷന്‍കാര്‍ഡിന്റെ പതിപ്പ് പ്രിന്റ് എടുത്ത് നല്‍കുന്നതായി ശ്രദ്ധയില്‍പ്പെട്ടതായി കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
പ്രാദേശിക കേന്ദ്രങ്ങള്‍ നിശ്ചയിച്ച് പരസ്യപ്പെടുത്തിയാണ് വിതരണം. ഇത്തരത്തിലുള്ള കാര്‍ഡ് വിതരണപ്രക്രിയ കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസിന്റെ അറിവോടെയല്ലെന്ന് അദ്ദേഹം അറിയിച്ചു.
റേഷന്‍കാര്‍ഡ് ഉടമകളായ ഗുണഭോക്താക്കള്‍ക്ക് പുതിയ കാര്‍ഡിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് അക്ഷയ സെന്ററില്‍ നിന്നും പ്രിന്റ് എടുക്കാവുന്നതാണെന്നും താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

പ്ലാനിംഗ് അസിസ്റ്റന്റ് ഇന്റര്‍വ്യൂ 29ന്

അമൃത് പദ്ധതിക്ക് കീഴില്‍ ജി.ഐ.എസ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട ജോലികള്‍ക്കായി ബി.ടെക് സിവില്‍/ബി.ആര്‍ക്ക്/ബി. പ്ലാനിംഗ്/ആര്‍ക്കിടെക്ച്ചറല്‍ എഞ്ചിനീയറിംഗ് ബിരുദം യോഗ്യതയുളളവരെ മാര്‍ച്ച് 31 വരെയുളള കാലയളവിലേക്ക് പ്ലാനിംഗ് അസിസ്റ്റന്റായി കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യതയുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 29 ന് രാവിലെ 11 മണിക്ക് ചക്കോരത്തുകുളത്തുളള കോഴിക്കോട് ജില്ലാ ടൗണ്‍ പ്ലാനറുടെ കാര്യാലയത്തില്‍ നടത്തുന്ന വാക്ക് ഇന്‍ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണമെന്ന് ടൗണ്‍ പ്ലാനര്‍ അറിയിച്ചു. ഫോണ്‍ : 0495 2369300.

റീ ടെണ്ടര്‍ ക്ഷണിച്ചു

മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന ഇടിഞ്ഞകുന്ന് മണ്ണിടിച്ചില്‍ പ്രദേശത്തെ മണ്ണിടിച്ചില്‍ പ്രതിരോധ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുന്നതിന് റീ ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി ജനുവരി 28 ന് അഞ്ച് മണി വരെ. ഫോണ്‍ – 0495 2370790.

മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് ഡിപ്ലോമ

സ്റ്റേറ്റ് റിസോഴ്സ് സെന്ററിനു കീഴിലെ എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജ് 2022 ജനുവരി സെഷനില്‍ ആരംഭിക്കുന്ന ഒരു വര്‍ഷത്തെ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് ഡിപ്ലോമ കോഴ്സിനും രണ്ട് വര്‍ഷത്തെ അഡ്വാന്‍സ്ഡ് ഡിപ്ലോമ കോഴ്സിനും അപേക്ഷ ക്ഷണിച്ചു. വിദൂരവിദ്യാഭ്യാസ രീതിയില്‍ നടത്തുന്ന കോഴ്സിന് കോണ്ടാക്ട് ക്ലാസ്സുകളും ഇന്റേണ്‍ഷിപ്പും ടീച്ചിംഗ് പ്രാക്ടീസും പഠന പരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും. പ്ലസ്ടുവോ ഏതെങ്കിലും ടീച്ചര്‍ ട്രെയിനിംഗ് കോഴ്സോ ഏതെങ്കിലും ഡിപ്ലോമയോ പാസ്സായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31. ഒരു വര്‍ഷത്തെ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് ഡിപ്ലോമ കഴിഞ്ഞവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി അഡ്വാന്‍സ് ഡിപ്ലോമയുടെ രണ്ടാംവര്‍ഷ കോഴ്സിലേക്ക് ലാറ്ററല്‍ എന്‍ട്രി സൗകര്യം ലഭ്യമാണ്. വിശദവിവരങ്ങള്‍ www.srccc.in വെബ്സൈറ്റില്‍ ലഭിക്കും. ചേരാനാഗ്രഹിക്കുന്നവര്‍ ഓക്സ് ഫോര്‍ഡ് കിഡ്സ്, കോഴിക്കോട് (8089379318), എം.എസ് ഹീലിംഗ് ലൈറ്റ് ഇന്റര്‍നാഷണല്‍, കോഴിക്കോട് ( 9446258845, 9495592687) സ്റ്റഡി സെന്ററുമായി ബന്ധപ്പെടുക.

തീയതി നീട്ടി
സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ നടപ്പിലാക്കി വരുന്ന മംഗല്യ സമുന്നതി പദ്ധതി (2021-22) ലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജനുവരി 25ന് വൈകിട്ട് അഞ്ചു വരെ ദീർഘിപ്പിച്ചു. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും www.kswcfc.org സന്ദർശിക്കുക.

പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പ്: വെരിഫിക്കേഷൻ പൂർത്തിയാക്കണം
പട്ടികജാതി വിഭാഗം വിദ്യാർഥികളുടെ ഇ-ഗ്രാന്റ്‌സ് മുഖേനയുളള പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പ് ലഭിക്കുന്നതിനായി പുതുതായി അപേക്ഷിക്കുന്നതും റിന്യൂവൽ ചെയ്യുന്നതുമായ വിദ്യാർഥികൾ അവരുടെ മൊബൈൽ നമ്പർ, അക്കൗണ്ട് നമ്പർ തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തി ജനുവരി 31നകം വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുഖേന വെരിഫിക്കേഷൻ പൂർത്തിയാക്കണമെന്ന് പട്ടികജാതി വികസന വകുപ്പ് ജോയിന്റ് ഡയറക്ടർ അറിയിച്ചു. സർക്കാർ/ എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിക്കുന്നവർ സ്ഥാപനങ്ങളിലെ പ്രിൻസിപ്പൽ ലോഗിൻ മുഖേനയും സ്വാശ്രയ സ്ഥാപനങ്ങളിൽ പഠിക്കുന്നവർ അതത് ജില്ലാ പട്ടികജാതി വികസന ഓഫീസുകൾ മുഖേനയുമാണ് വെരിഫിക്കേഷൻ നടത്തേണ്ടത്.
2021-22 വർഷം മുതൽ സ്‌കോളർഷിപ്പ് തുകയുടെ 60 ശതമാനം കേന്ദ്ര സർക്കാർ നേരിട്ട് വിദ്യാർഥികളുടെ അക്കൗണ്ടിലേക്ക് നൽകുന്നതിനാൽ അതാത് അധ്യയന വർഷം തന്നെ സ്‌കോളർഷിപ്പിന് അപേക്ഷിച്ച് അംഗീകാരം വാങ്ങാത്ത വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ് ലഭിക്കുന്നതല്ല. 2021-22 വർഷത്തെ സ്‌കോളർഷിപ്പ് അപേക്ഷിക്കുന്നതിനും റിന്യൂവൽ ചെയ്യുന്നതിനുമുളള അവസാന തീയതി 2022 മാർച്ച് 15 ആയിരിക്കും. അതിനു മുമ്പായി 2021-22 വർഷം സ്‌കോളർഷിപ്പിന് അർഹതയുളള എല്ലാ വിദ്യാർഥികളും സൈറ്റിൽ രജിസ്റ്റർ ചെയ്ത് അംഗീകാരം വാങ്ങിയിരിക്കണം. റിന്യൂവൽ അപേക്ഷകളും ഈ തീയതിക്കു മുമ്പായി സ്ഥാപനങ്ങൾ ഫോർവേഡ് ചെയ്തിരിക്കണം. 2022 മാർച്ച് 15 ന് സൈറ്റ് ക്ലോസ് ചെയ്യുന്നതാണ്. പിന്നീട് അപേക്ഷ സമർപ്പിക്കുവാൻ അവസരമുണ്ടായിരിക്കുന്നതല്ല.
2021-22 വർഷം മുതൽ വിദ്യാർഥികളുടെ അലവൻസും സ്ഥാപനത്തിന് ഒടുക്കുവാനുളള ഫീസും വിദ്യാർഥികളുടെ അക്കൗണ്ടിലേക്കാണ് നൽകുന്നത്. 40% തുക സംസ്ഥാന സർക്കാർ വിദ്യാർഥികളുടെ അക്കൗണ്ടിലേക്ക് നൽകുകയും കേന്ദ്ര വിഹിതം 60 ശതമാനം കേന്ദ്ര സർക്കാർ നേരിട്ട് വിദ്യാർഥികളുടെ അക്കൗണ്ടിലേക്ക് നൽകുകയും ചെയ്യും. തുക അക്കൗണ്ടിൽ ലഭിച്ച് ഏഴ് ദിവസത്തിനകം വിദ്യാർഥികൾ സ്ഥാപനത്തിനു നൽകുവാനുളള തുക സ്ഥാപനത്തിൽ ഒടുക്കേണ്ടതാണ്. സ്ഥാപനത്തിനുളള തുകയുടെയും വിദ്യാർഥിക്ക് അർഹമായ തുകയുടെയും വിവരങ്ങൾ സ്റ്റുഡന്റ് പ്രൊഫൈലിലും പ്രിൻസിപ്പൽ ലോഗിനിലും ലഭ്യമാണ്.
എല്ലാ സ്ഥാപന മേധാവികളും ഇക്കാര്യം അതാത് സ്ഥാപനങ്ങളിലെ പട്ടികജാതി വിഭാഗം വിദ്യാർത്ഥികളെ അറിയിക്കേണ്ടതും അവസാന തീയതിക്കു മുമ്പായി അപേക്ഷ സമർപ്പിക്കുവാനുളള നിർദ്ദേശം നൽകേണ്ടതുമാണ്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് അതാത് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം.

ഡെപ്യൂട്ടേഷൻ ഒഴിവ്
തിരുവനന്തപുരം സാംസ്‌കാരിക വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ 63,700-1,23,700 രൂപ ശമ്പള സ്‌കെയിലിൽ 02.03.2022ൽ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്ന ഒരു ഡെപ്യൂട്ടി ഡയറക്ടറുടെ ഒഴിവിലേക്ക് ഒരു വർഷത്തേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് സംസ്ഥാന സർക്കാർ വകുപ്പുകളിൽ അണ്ടർ സെക്രട്ടറി/ സമാന തസ്തികയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരിൽ നിന്നും മേലധികാരി മുഖേന നിശ്ചിത പ്രൊഫോർമയിൽ അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകർ കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേന നിയമനം നേടിയവരും 63,700-1,23,700 രൂപ ശമ്പള സ്‌കെയിലിൽ ജോലി ചെയ്യുന്നവരും അംഗീകൃത സർവകലാശാലയിൽ നിന്ന് കലാ, സാഹിത്യം, ചരിത്രം എന്നീ വിഷയങ്ങളിൽ ഏതെങ്കിലുമൊന്നിൽ അൻപത്തിയഞ്ച് ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബിരുദാനന്തര ബിരുദം നേടിയവരുമായിരിക്കണം. അപേക്ഷകൾ ഡയറക്ടർ, സാംസ്‌കാരിക വകുപ്പദ്ധ്യക്ഷ കാര്യാലയം, അനന്ത വിലാസം കൊട്ടാരം, ഫോർട്ട് പി.ഒ, തിരുവനന്തപുരം-23, ഫോൺ: 0471-2478193, ഇ-മെയിൽ വിലാസം: culturedirectoratec@gmail.com എന്ന വിലാസത്തിൽ ഫെബ്രുവരി 11നകം ലഭിക്കണം.

സ്റ്റേറ്റ് ആർആർടി അടിയന്തര യോഗം ചേർന്ന് സാഹചര്യം വിലയിരുത്തി
*12 സംസ്ഥാനതല കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു
സംസ്ഥാനത്ത് കോവിഡ് അതിതീവ്ര വ്യാപനം ഉണ്ടായ സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് റാപ്പിഡ് റെസ്പോൺസ് ടീമിന്റെ അടിയന്തര യോഗം ചേർന്നു. കോവിഡ്, ഒമിക്രോൺ പശ്ചാത്തലത്തിൽ രൂപീകരിച്ച സർവയലൻസ്, ഇൻഫ്രാസ്ടെക്ച്ചർ ആന്റ് ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്, മെറ്റീരിയൽ മാനേജ്മെന്റ്, ട്രാൻസ്പോർട്ടേഷൻ ആന്റ് ഓക്സിജൻ, വാക്സിനേഷൻ മാനേജ്മെന്റ്, പോസ്റ്റ് കോവിഡ് മാനേജ്മെന്റ് തുടങ്ങിയ 12 സംസ്ഥാനതല ആർആർടി കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ വിലയിരുത്തി.
മതിയായ ജീവനക്കാരെ നിയോഗിച്ച് സമയബന്ധിതമായി പരിശോധനാ ഫലം ലഭ്യമാക്കണമെന്ന് മന്ത്രി നിർദേശം നൽകി. പരിശോധനാ ഫലം വൈകാതിരിക്കാൻ ജില്ലാതല ടീമിനെ നിയോഗിച്ചിട്ടുണ്ട്. പരിശോധന അടിസ്ഥാനമാക്കി സർവയലൻസ് ശക്തമാക്കും. ഹോസ്പിറ്റൽ സർവയലൻസ്, ട്രാവൽ സർവയലൻസ്, കമ്മ്യൂണിറ്റി സർവയലൻസ് എന്നിവയ്ക്ക് പ്രാധാന്യം നൽകും. വിദഗ്ധ ഗൃഹ പരിചരണം ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കാനും മന്ത്രി നിർദേശം നൽകി.
സർവയലൻസ് കമ്മിറ്റിയുടെ ഭാഗമായുള്ള ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി ശക്തിപ്പെടുത്തി. ആശുപത്രികളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയാണ് ഈ കമ്മിറ്റിയുടെ പ്രധാന ദൗത്യം. കോവിഡ് പോസിറ്റീവായവരുടെ വിവരങ്ങൾ ഈ കമ്മിറ്റി തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകും. സ്വകാര്യ ആശുപത്രികളെ കൂടി ഈ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയിലെത്തുന്ന കോവിഡ് രോഗികളുടെ വാക്സിനേഷൻ അവസ്ഥ, ചികിത്സ, ഡിസ്ചാർജ് തുടങ്ങിയ കാര്യങ്ങളും ഈ കമ്മിറ്റി നിരീക്ഷിക്കുന്നതായിരിക്കും.
ആശുപത്രികളിൽ ഒരുക്കിയിരിക്കുന്ന അടിസ്ഥാന സൗകര്യങ്ങളും ചർച്ചയായി. മൾട്ടി ലെവൽ ആക്ഷൻ പ്ലാൻ അനുസരിച്ച് രോഗികളുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് കൂടുതൽ ഫീൽഡ് ആശുപത്രികൾ സജ്ജമാക്കുന്നതാണ്. ആവശ്യമാണെങ്കിൽ ആയുഷ് വകുപ്പ് ജീവനക്കാരുടെ സേവനം കൂടി ഉപയോഗപ്പെടുത്തുന്നതാണ്.
സുരക്ഷാ ഉപകരണങ്ങൾക്കും മരുന്നുകൾക്കും ക്ഷാമമില്ല. ഓക്സിജൻ കരുതൽ ശേഖരമുണ്ടെങ്കിലും ഓക്സിജൻ സാഹചര്യം നിരന്തരം നിരീക്ഷിക്കും. കൂടുതൽ ആംബുലൻസ് സൗകര്യം സജ്ജമാക്കും. സംസ്ഥാനത്ത് വാക്സിൻ സ്റ്റോക്കുണ്ട്. പോസ്റ്റ് കോവിഡ് മാനേജ്മെന്റ് ശക്തിപ്പെടുത്തും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾവരെ പോസ്റ്റ് കോവിഡ് ചികിത്സ ലഭ്യമാണ്. ഒമിക്രോൺ സാഹചര്യത്തിൽ സമയബന്ധിതമായി താഴെത്തട്ടുവരെ പരിശീലനം പൂർത്തിയാക്കണം. ഓരോ ആശാവർക്കർമാരിലും പരിശീലനം എത്തിയെന്ന് ഉറപ്പ് വരുത്തും.
ആശുപത്രി ജീവനക്കാർക്ക് കോവിഡ് പടരാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കണം. ആരോഗ്യ പ്രവർത്തകർക്ക് ബൂസ്റ്റർ ഡോസ് വേഗത്തിൽ നൽകും. ആശുപത്രിയിലെ അണുബാധ നിയന്ത്രണത്തിന് വലിയ പ്രാധാന്യം നൽകണം. പനിയും മറ്റ് കോവിഡ് രോഗ ലക്ഷണങ്ങളുള്ള ആരോഗ്യ പ്രവർത്തകർ കോവിഡ് പരിശോധന നടത്തണം.
ഇ സഞ്ജീവനി ശക്തിപ്പെടുത്തും. രോഗികളുടെ എണ്ണം കൂടിയതിനാൽ കൂടുതൽ ഡോക്ടർമാരെ നിയമിക്കുന്നതാണ്. കോവിഡ് ഒപിയിൽ ദിവസവും 1200 ഓളം പേരാണ് ചികിത്സ തേടുന്നത്. കാത്തിരിപ്പ് സമയം ഒരു മിനിറ്റിൽ താഴെയാക്കും. രോഗികൾക്ക് മാനസിക പിന്തുണ ഉറപ്പാക്കാൻ മാനസികാരോഗ്യ ടീമിനെ കൂടുതൽ ശക്തിപ്പെടുത്തും.
ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങളെ ആർആർടി നിരന്തരം നിരീക്ഷിക്കും. സ്ഥിതിഗതികൾ ദിവസവും അവലോകനം ചെയ്യാനും മന്ത്രി നിർദേശം നൽകി.
ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ, ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ഡോ. ശ്രീറാം വെങ്കിട്ടരാമൻ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. വി.ആർ. രാജു, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. എ. റംലാ ബീവി, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർമാർ, ഡെപ്യൂട്ടി ഡയറക്ടർമാർ, ആർ.ആർ.ടി. അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

ശാസ്ത്ര സാങ്കേതിക കൗൺസിലിന്റെ യുവ ശാസ്ത്രജ്ഞ പുരസ്‌കാരം പ്രഖ്യാപിച്ചു
ശാസ്ത്ര സാങ്കേതിക കൗൺസിലിന്റെ സംസ്ഥാന യുവ ശാസ്ത്രജ്ഞ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. കൊച്ചി സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിലെ ബയോകെമിസ്ട്രി ആൻഡ് ന്യൂട്രിഷ്യൻ ഡിവിഷനിലെ ശാസ്ത്രജ്ഞൻ ഡോ. നിലാദ്രി ശേഖർ ചാറ്റർജി, വലിയമല ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിലെ ഏവിയോണിക്സ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. സി.എസ്. അനൂപ്, എർത്ത് ആൻഡ് സ്പേസ് സയൻസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. എ.എം. റമിയ, പാലക്കാട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ മാത്തമാറ്റിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. സി.ആർ. ജയനാരായണൻ എന്നിവർക്കാണു പുരസ്‌കാരം. ശാസ്ത്ര സാങ്കേതിക മേഖലകളിൽ ശ്രദ്ധേയ ഗവേഷണ നേട്ടങ്ങൾ കൈവരിക്കുന്നവർക്കാണ് യുവ ശാസ്ത്രജ്ഞ പുരസ്‌കാരം നൽകുന്നത്.
പുരസ്‌കാര ജേതാക്കൾക്ക് 50,000 രൂപ ക്യാഷ് അവാർഡും മുഖ്യമന്ത്രിയുടെ സ്വർണ മെഡലും നിർദേശിക്കപ്പെടുന്ന പ്രൊജക്ടുകൾക്കായി 50 ലക്ഷം രൂപ വരെയുള്ള ധനസഹായവും ലഭിക്കും. ഒരു അന്തർദേശീയ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനുള്ള യാത്രാ സഹായവും നൽകും. ഫെബ്രുവരി 10ന് തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ നടക്കുന്ന സയൻസ് കോൺഗ്രസിൽ മുഖ്യമന്ത്രി ജേതാക്കൾക്കു പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!