ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ 2012-ല്‍ കേസിനാസ്പദമായ സംഭവം നടന്ന സമയത്ത് തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് കാണിച്ച് നിര്‍ഭയ കേസിലെ പ്രതി പവന്‍ ഗുപ്ത സമര്‍പ്പിച്ച സ്പെഷല്‍ ലീവ് പെറ്റീഷന്‍ സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ ആര്‍.ഭാനുമതി, അശോക് ഭൂഷണ്‍, എ.എസ്.ബൊപ്പണ്ണ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേട്ട ശേഷം തള്ളിയത്.
ഇയാളുള്‍പ്പടെ കേസിലെ നാല് പ്രതികളുടെ വധശിക്ഷ ഫെബ്രുവരി ഒന്നിന് നടപ്പാക്കാന്‍ ഡല്‍ഹി തീസ് ഹസാരി കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. അഡ്വ.എ.പി സിങാണ് പവന്‍ ഗുപ്തക്ക് വേണ്ടി ഇന്ന് കോടതിയില്‍ ഹാജരായത്. കുറ്റകൃത്യം നടന്ന സമയത്ത് പവന്‍ ഗുപ്തയ്ക്ക് പ്രായപൂര്‍ത്തി ആയിരുന്നില്ലെന്നും അദ്ദേഹത്തിന്റെ രേഖകള്‍ ഒരു കോടതിയും പരിഗണിച്ചില്ലെന്നും എ.പി.സിങ് വാദിച്ചു.
കേസ് വിചാരണയുടെ ഒരു ഘട്ടത്തിലും പ്രതി പ്രായപൂര്‍ത്തി ആകാത്ത ആളാണെന്ന തെളിയിക്കപ്പെട്ടിട്ടില്ല. ഹൈക്കോടതി നേരത്തെ ഈ വാദം തള്ളിയട്ടുണ്ട്. അതിനപ്പുറത്തേക്ക് ഇപ്പോള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പുതുതായി ഒന്നും കൊണ്ടുവരാനായിട്ടില്ല എന്ന് കാണിച്ച് വാദം സുപ്രീംകോടതി തള്ളുകയായിരുന്നു.