ന്യൂഡല്‍ഹി: അംബേദ്കറെ അപമാനിച്ച അമിത് ഷാ മാപ്പു പറയണമെന്നും രാജിവെക്കണമെന്നും ആവശ്യപ്പെട്ടാണ് ഇന്‍ഡ്യ സഖ്യത്തിന്റെ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രതിപക്ഷത്തിനെതിരെ ഭരണകക്ഷി എം.പിമാരും രംഗത്തിറങ്ങിയതോടെ നേര്‍ക്കുനേര്‍ നിന്ന് മുദ്രാവാക്യം മുഴക്കി. ഇതോടെ സംഘര്‍ഷ അന്തരീക്ഷം ഉടലെടുത്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയേയും പ്രിയങ്കാ ഗാന്ധിയെയും ബി.ജെ.പി എം.പിമാര്‍ പിടിച്ചുതള്ളിയതായി കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ രാഹുല്‍ ഗാന്ധി തള്ളിയതായി പ്രതാപ് സാരംഗി ബി.ജെ.പി ആരോപിച്ചു.
നീല വസ്ത്രങ്ങള്‍ ധരിച്ചാണ് ഇന്‍ഡ്യസഖ്യം പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും നേതൃത്വത്തില്‍ പ്രതിഷേധിച്ചത്. തുടര്‍ന്ന് പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എം.പിമാര്‍ ബി.ജെ.പി പ്രതിഷേധത്തിനിടയിലേക്ക് കയറിയതോടെയാണ് ഉന്തും തള്ളും ഉണ്ടായത്. ബഹളത്തെ തുടര്‍ന്ന് ലോക്‌സഭ രണ്ട് മണി വരെ പിരിഞ്ഞു. രാജ്യസഭയിലും ബഹളമുണ്ടായി. പാര്‍ലമെന്റിന് സമീപം വിജയ് ചൗക്കില്‍ വലിയ സുരക്ഷാ സന്നാഹമൊരുക്കി. കൂടുതല്‍ സേനാംഗങ്ങളെയും സ്ഥലത്ത് വിന്യസിച്ചു.