ന്യൂഡല്‍ഹി: തുടര്‍ച്ചയായ മൂന്നാം ദിവസവും ഓഹരി വിപണിയില്‍ കനത്ത ഇടിവ്. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ ബിഎസ്ഇ സെന്‍സെക്സ് ആയിരത്തിലേറെ പോയിന്റ് കൂപ്പുകുത്തി. നിലവില്‍ 80,000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ് സെന്‍സെക്സ്. 79,000ല്‍ താഴെ പോകുമോ എന്ന ആശങ്കയിലാണ് നിക്ഷേപകര്‍. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. 24000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ് നിഫ്റ്റി.
പ്രതീക്ഷിച്ച പോലെ തന്നെ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചതാണ് പ്രധാനമായി ഇന്ത്യന്‍ ഓഹരി വിപണിയില്‍ പ്രതിഫലിച്ചത്. യുഎസ് ഫെഡറല്‍ റിസര്‍വ് 25 ബേസിക് പോയിന്റിന്റെ കുറവാണ് വരുത്തിയത്. കഴിഞ്ഞ രണ്ടുദിവസം സെന്‍സെക്സ് 1500ലധികം പോയിന്റ് ആണ് ഇടിഞ്ഞത്. ഏറ്റവുമധികം നഷ്ടം നേരിട്ടത് ഐടി, ഓട്ടോ, ബാങ്ക് ഓഹരികളാണ്. എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ്, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്.