ആഷസ് ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് 467 റൺസിന്റെ വമ്പൻ ലീഡ്. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് 236 റണ്‍സില്‍ അവസാനിപ്പിച്ച് 237 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് നേടിയ ഓസീസ് നാലാം ദിനം തങ്ങളുടെ രണ്ടാമിന്നിങ്‌സ് ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ചെയ്തു.
തുടര്‍ന്നു 468 എന്ന കൂറ്റന്‍ ലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ടിന് 12 റണ്‍സ് എടുക്കുന്നതിനിടെ ഓപ്പണര്‍ ഹസീബ് ഹമീദി(0)ന്റെ വിക്കറ്റ് നഷ്ടമായി. എട്ടു റണ്‍സുമായി ഓപ്പണര്‍ റോറി ബേണ്‍സും നാലു റണ്‍സുമായി മധ്യനിര താരം ഡേവിഡ് മാലനുമാണ് ക്രീസില്‍.
നേരത്തെ മൂന്നാം ദിനമായ ഇന്നലെ ഇംഗ്ലണ്ടിനെ ഫോളോ ഓണിന് അയയ്ക്കാതെ രണ്ടാം ഇന്നിങ്‌സിനായി ക്രീസിലിറങ്ങിയ ഓസീസ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 45 റണ്‍സ് എന്ന നിലയിലാണ് കളിനിര്‍ത്തിയത്. തുടര്‍ന്ന് നാലാം ദിനമായ ഇന്ന് ബാറ്റിങ് പുനരാരംഭിച്ച് അവര്‍ക്ക് അര്‍ധസെഞ്ചുറി നേടിയ മധ്യനിര താരങ്ങളായ മാര്‍നസ് ലബുഷെയ്ന്‍(51), ട്രാവിസ് ഹെഡ്(51) എന്നിവരുടെ പ്രകടനങ്ങളാണ് തുണയായത്.
ഇന്നു തുടക്കത്തില്‍ തലേന്നത്തെ സ്‌കോറില്‍ മൂന്നു റണ്‍സ് കൂടിക്കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ക്രീസില്‍ ഉണ്ടായിരുന്ന ഓപ്പണര്‍ മാര്‍ക്കസ് ഹാരിസ്(23), നൈറ്റ്‌വാച്ച്മാന്‍ മിഷേല്‍ നെസര്‍(3) എന്നിവരെ ഓസ്‌ട്രേലിയയ്ക്കു നഷ്ടമായിരുന്നു. ഇതിനു പിന്നാലെ നായകന്‍ സ്റ്റീവന്‍ സ്മിത്ത്(6) കൂടി മടങ്ങിയതോടെ നാലിന് 55 എന്ന നിലയിലേക്കു വീണ ഓസീസ് മേല്‍കൈ നഷ്ടപ്പെടുത്തുമെന്നു തോന്നിപ്പിച്ചു.എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ലബുഷെയ്ന്‍-ഹെഡ് കൂട്ടുകെട്ട് ഓസ്‌ട്രേലിയയുടെ രക്ഷക്കെത്തി.
അഞ്ചാം വിക്കറ്റില്‍ 89 റണ്‍സാണ് ഇവര്‍ കൂട്ടിച്ചേര്‍ത്തത്. ലബുഷെയ്ന്‍ 96 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളോടെയും ഹെഡ് 54 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളോടെയുമാണ് 51 റണ്‍സ് വീതം നേടിയത്.
ഇവര്‍ക്കു പുറമേ 43 പന്തുകളില്‍ നിന്ന് 33 റണ്‍സ് നേടിയ കാമറൂണ്‍ ഗ്രീനും ഓസീസിന്റെ ലീഡ് 450 കടത്താന്‍ സഹായിച്ചു. ഇംഗ്ലണ്ടിനു വേണ്ടി ഒലി റോബിന്‍സണ്‍, നായകന്‍ ജോ റൂട്ട്, പാര്‍ട്‌ടൈം ബൗളര്‍ ഡേവിഡ് മാലന്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും സ്റ്റിയുവര്‍ട്ട് ബ്രോഡ്, ജയിംസ് ആന്‍ഡേഴ്‌സണ്‍, എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.