കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധമായ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരം ശക്തമാക്കാന്‍ തയ്യാറെടുത്ത് കര്‍ഷകര്‍. കേന്ദ്ര സര്‍ക്കാരിന് കര്‍ഷകരുടെ പ്രശ്നങ്ങളില്‍ പരിഹാരം കണ്ടെത്താനാകുന്നില്ലെങ്കില്‍ തങ്ങള്‍ പരിഹാരം കണ്ടെത്തുമെന്ന് നേതാക്കള്‍ വ്യക്തമാക്കി. കര്‍ഷക പ്രശ്നങ്ങളില്‍ പരിഹാരത്തിലേക്കുള്ള വഴി ഉഴുതെടുക്കാന് തങ്ങള്‍ നിര്‍ബന്ധിതരാകുമെന്ന് ഭാരതീയ കിസാന്‍ യൂണിയന് നേതാവ് രാകേഷ് തികായത് പറഞ്ഞു. പ്രതിഷേധത്തിന്റെ അടുത്ത പടിയെന്നോണം കര്‍ഷക വിപ്ലവത്തിന്റെ (കിസാന്‍ ക്രാന്തി) ഭാഗമാകാന്‍ എല്ലാ കര്‍ഷകരോടും അദ്ദേഹം ആഹ്വാനം ചെയ്തു.
കേന്ദ്ര സര്‍ക്കാരുമായി പല തവണ ചര്‍ച്ചകള്‍ നടത്തി. എന്നാല്‍ പരിഹാരം ഉണ്ടായില്ല. സര്‍ക്കാര്‍ പരിഹാരം കണ്ടെത്തുന്നില്ലെങ്കില്‍ തങ്ങള്‍ക്ക് പരിഹാരത്തിലേക്ക് ഒരു വിപ്ലവ പാത ഉഴുതെടുക്കേണ്ടിവരും. അത്തരമൊരു വിപ്ലവം ഡല്‍ഹിയുടെ ഹൃദയഭാഗത്ത് തന്നെ നടക്കും. 23 ദിവസമായി കര്‍ഷകര്‍ പ്രതിഷേധം തുടരുകയാണ്. രാജ്യത്തെങ്ങുമുള്ള കര്‍ഷകരും കര്‍ഷക സംഘടനകളും ഒന്നിച്ച് സമരത്തില്‍ പങ്കെടുക്കണം. ഓരോ കര്‍ഷകരും വീട് വിട്ട് കാര്‍ഷികോപകരണങ്ങളുമായി പ്രതിഷേധത്തില്‍ പങ്കുചേരണം. വലുതും ചെറുതുമായ എല്ലാ കര്‍ഷക സംഘടനകളോടും അവരുടെ ബാനറുകളും പോസ്റ്ററുകളുമായി ഇവിടെയെത്താന്‍ ആവശ്യപ്പെടുന്നു. ഞങ്ങള്‍ അവരെ സ്വാഗതം ചെയ്യും. കര്‍ഷക പ്രതിഷേധത്തെ സമാധാനപരമെന്ന് വിശേഷിപ്പിക്കുകയും തര്‍ക്കവിഷയങ്ങളില്‍ എന്തുകൊണ്ടാണ് ചര്‍ച്ച തുടരാത്തതെന്ന് സര്‍ക്കാരിനോട് ചോദിക്കുകയും ചെയ്ത സുപ്രീം കോടതിയോട് നന്ദിയുണ്ട്. ഗാസിപ്പുര്‍-ഗാസിയാബാദ് അതിര്‍ത്തിയിലെ സമരവേദിയില്‍ നിന്ന് രാകേഷ് തികായത് പറഞ്ഞു.
അതേസമയം, ഡല്‍ഹി അതിര്‍ത്തിയിലേക്ക് കൂടുതല്‍ കര്‍ഷകര്‍ എത്തുന്നുണ്ട്. സിംഗു, തിക്രി ഉള്‍പ്പെടെ അതിര്‍ത്തികളില്‍ വാഹന ഗതാഗതം ഉള്‍പ്പെടെ തടസപ്പെട്ടു. ജയ്പുര്‍-ഡല്‍ഹി ഹൈവേയും ഡല്‍ഹി-നോയിഡ ലിങ്ക് റോഡുമെല്ലാം തടഞ്ഞതോടെ ഗതാഗത കുരുക്ക് രൂക്ഷമാണ്. ഖാസിപുര്‍ അതിര്‍ത്തിയില്‍ പ്രതിഷേധ കൂടാരങ്ങളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.