ഐ സി സി മെൻസ് ലോകകപ്പ് 2023 ന്റെ കിരീടം നേടി ഓസ്ട്രേലിയ. ഇന്ത്യയ്‌ക്കെതിരെ ഓസ്ട്രേലിയ ആറ് വിക്കറ്റിന്റെ അത്യുഗ്രൻ വിജയം ആണ് നേടിയത്.ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ 240 റണ്‍സിന് ഓള്‍ ഔട്ടായി.ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്ക് 241 റണ്‍സ് ആയിരുന്നു വിജയലക്ഷ്യം.ലോകകപ്പ് ഫൈനലില്‍ അഹമ്മദാബാദിലെ സ്ലോ പിച്ചില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര റണ്ണടിക്കാന്‍ പാടുപെട്ടപ്പോള്‍ ഓസ്ട്രേലിയ തകർത്തു കളിക്കുകയായിരുന്നു. അതോടൊപ്പം ഏകദിന ക്രിക്കറ്റില്‍ സെഞ്ചുറികളില്‍ അര്‍ധസെഞ്ചുറി തികച്ച വിരാട് കോലിക്കോ 49 ഏകദിന സെഞ്ചുറികള്‍ നേടിയ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കോ കരിയറില്‍ കഴിയാത്ത അപൂര്‍വനേട്ടം സ്വന്തമാക്കി ട്രാവിസ് ഹെഡ്. ഏകദിന ലോകകപ്പ് ഫൈനലില്‍ സെഞ്ചുറി നേടുന്ന ഏഴാമത്തെ മാത്രം ബാറ്ററായാണ് ട്രാവിസ് ഹെഡ് ഇതിഹാസങ്ങള്‍ക്കൊപ്പം ഇടം പിടിച്ചത്. ലോകകപ്പ് ഫൈനലില്‍ റണ്‍സ് പിന്തുടരുമ്പോള്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം ബാറ്ററാണ് ട്രാവിസ് ഹെഡ്. ഇന്ത്യൻ ബാറ്റിങ്ങിൽ ആകെ പിറന്നത് 13 ഫോറും മൂന്ന് സിക്സും മാത്രം. അതില്‍ ഒമ്പത് ഫോറും മൂന്നും സിക്സും പിറന്നത് ആദ്യ പത്തോവറില്‍. അവസാന നാലോവറില്‍ ഇന്ത്യ ആകെ അടിച്ചത് നാലു ഫോര്‍ മാത്രം. റണ്ണടിച്ചു കൂട്ടേണ്ട അവസാന പത്തോവറില്‍ ഇന്ത്യ നേടിയതാകട്ടെ രണ്ടേ രണ്ട് ബൗണ്ടറി. അതടിച്ചതാകട്ടെ 42-ാം ഓവറില്‍ മുഹമ്മദ് ഷമിയും അമ്പതാം ഓവറില്‍ മുഹമ്മദ് സിറാജും.അഹമ്മദാബാദിലെ സ്ലോ പിച്ച് ഇന്ത്യന്‍ ബാറ്റര്‍മാരെ എത്രമാത്രം ബുദ്ധിമുട്ടിച്ചുവെന്ന് മനസിലാക്കാന്‍ ഈ കണക്കുകള്‍ നോക്കിയാല്‍ മാത്രം മതി. രോഹിത് ശര്‍മ തുടക്കത്തില്‍ തകര്‍ത്തടിച്ചപ്പോള്‍ മാത്രമാണ് അഹമ്മദാബാദിലെ ഒന്നേകാല്‍ ലക്ഷത്തോളം കാണികള്‍ ഒന്നുണര്‍ന്നത്. അതിനുശേഷം അവാര്‍ഡ് സിനിമപോലെ ശോക മൂകമായിരുന്നു നരേന്ദ്ര മോദി സ്റ്റേഡിയം. 66 റണ്‍സെടുത്ത കെ എല്‍ രാഹുലാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. വിരാട് കോലി 54ഉം ക്യാപ്റ്റന്‍ രോഹിത് ശര്‍മ 47 ഉം റണ്‍സെടുത്തപ്പോള്‍ ശുഭ്മാന്‍ ഗില്ലും ശ്രേയസ് അയ്യരും രവീന്ദ്ര ജഡേജയും സൂര്യകുമാര്‍ യാദവും നിരാശപ്പെടുത്തി. ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്നും ജോഷ് ഹേസല്‍വുഡും പാറ്റ് കമിന്‍സും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.