ഗുരുവായൂർ ക്ഷേത്രനടയിൽ കൈക്കുഞ്ഞുമായി മുല്ലപ്പൂ വിറ്റിരുന്ന ധന്യയെ കാണാൻ ബി.ജെ.പി. നേതാവും നടനുമായ സുരേഷ് ഗോപി എത്തി. മകളുടെ കല്യാണത്തിന് ആവശ്യമായ മുല്ലപ്പൂവും പിച്ചിപ്പൂവും ഒരുക്കാൻ ധന്യയോടും ഭർത്താവിനോടും സുരേഷ് ഗോപി ആവശ്യപ്പെട്ടിട്ടുണ്ട്. മാധ്യമ വാർത്തകൾ ശ്രദ്ധയിൽ പെട്ടതോടെയാണ് ധന്യയ്ക്ക് സഹായവുമായി സുരേഷ് ഗോപി എത്തിയത്. വെറുതെ കാശ് കൊടുക്കുന്നതല്ലെന്നും അവരുടെ അധ്വാനം അതിൽ വരുമെന്നും ധന്യയെ കണ്ട് പൂക്കൾക്ക് ഓർഡർ നൽകിയ ശേഷം സുരേഷ് ഗോപി പറഞ്ഞു. എന്റെ മകളുടെ മാംഗല്യത്തിലേക്ക് ഗുരുവായൂരപ്പന്റെ അനുഗ്രഹം കൂടുതലായിട്ട് വരും എന്നൊക്കെ വിചാരിച്ച് ചെയ്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിന് 200 കിലോ മുല്ലപ്പൂവും 100 കിലോ പിച്ചിപ്പൂവും, വാഴനാരിൽ കെട്ടിയത് 16-ാം തീയതി രാത്രി എത്തിച്ചു നൽകണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്ന് ധന്യ പറഞ്ഞു. ഇതിന് ആവശ്യമായ കാര്യങ്ങൾ എത്തിച്ചു തരാമെന്ന് അറിയിച്ചതായും അവർ കൂട്ടിച്ചേർത്തു.