രാജ്യത്ത് സ്‌കൂൾ അദ്ധ്യാപകരുടെ പ്രകടനം വിലയിരുത്താൻ മൂല്യനിർണയ സംവിധാനം വരുന്നു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തില്‍ നാഷണല്‍ പ്രൊഫഷണല്‍ സ്റ്റാന്‍ഡേര്‍ഡ് ഫോര്‍ ടീച്ചേഴ്‌സ് (എന്‍പിഎസ്ടി) എന്ന മാര്‍ഗരേഖയുടെ കരട് നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യുക്കേഷന്‍ തയ്യാറാക്കി.
അധ്യാപകരുട ശമ്പള വര്‍ധനയും സ്ഥാനക്കയറ്റവും സേവനകാലാവധിയുടെ അടിസ്ഥാനത്തില്‍ മാത്രമാകരുതെന്നും പുതിയ മാനദണ്ഡങ്ങള്‍ ഓരോ സംസ്ഥാനങ്ങളും പരിഗണിക്കണമെന്നുമാണ് കരടു മാര്‍ഗരേഖയിലെ ശുപാര്‍ശ.
അദ്ധ്യാപകനിൽ നിന്ന് പ്രധാനാദ്ധ്യാപകനിലേക്കുള്ള സ്ഥാനക്കയറ്റം ഒഴിവാക്കിയാൽ അദ്ധ്യാപകരുടെ തൊഴിൽരംഗത്ത് വളർച്ചയില്ലെന്നും പല അദ്ധ്യാപകരും ആവശ്യമായ അക്കാദമിക് മികവ് പുലർത്തുന്നില്ലെന്നുമുള്ള വിലയിരുത്തലിനെ തുടർന്നാണ് മാറ്റങ്ങൾ വരുത്തുന്നത്.
ഇത് അനുസരിച്ച് അദ്ധ്യാപകരുടെ കരിയറിൽ ബിഗിനർ (പ്രഗമി ശിക്ഷക്), പ്രൊഫിഷ്യന്റ് (പ്രവീൺ ശിക്ഷക്), എക്‌സ്പർട്ട് (കുശാൽ ശിക്ഷക്), ലീഡ് (പ്രമുഖ് ശിക്ഷക്) എന്നിങ്ങനെ നാല് ഘട്ടങ്ങളുണ്ടാകും. ബിഗിനർ ആയിട്ടാണ് ആദ്യ നിയമനം. മൂന്നു വർഷത്തിന് ശേഷം പ്രൊഫിഷ്യന്റ് തലത്തിലേക്ക് അപേക്ഷിക്കാം. അടുത്ത മൂന്നു വർഷത്തിനുശേഷം എക്‌സ്‌പർട്ട് തലത്തിലേക്ക് അപേക്ഷിക്കാം. ഓരോ വർഷവുമുള്ള പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിലാണ് ഓരോ തലത്തിലേക്കും അപേക്ഷിക്കേണ്ടത്. എക്‌സ്‌പർട്ട് ടീച്ചറായി അഞ്ചു വർഷം പ്രവർത്തിച്ച ശേഷമാകും ലീഡ് ടീച്ചറായി പരിഗണിക്കുക.
എൻസിഇടി ആണ് പ്രവർത്തനങ്ങൾ വിലയിരുത്തുന്നതും സ്ഥാനക്കയറ്റം അനുവദിക്കുന്നതും. രാജ്യത്തെ എല്ലാ വിദ്യാഭ്യാസ ബോർഡുകൾക്കും ഈ മാറ്റം ബാധകമാണ്. എല്ലാ വർഷവും 50 മണിക്കൂറെങ്കിലും പരിശീലന പരിപാടിയിൽ പങ്കെടുക്കണം. ഡിസംബർ 16 വരെ കരടു മാർഗരേഖയിൽ പൊതുജനങ്ങൾക്ക് നിർദ്ദേശങ്ങൾ സമർപ്പിക്കാം.