കര്‍ഷകരോഷത്തില്‍ ആവിയാപ്പോകുമെന്നു ഭയന്നാണ് മോദി സര്‍ക്കാര്‍ കുപ്രസിദ്ധമായ കര്‍ഷക നിയമം പിന്‍വലിച്ചതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ഉമ്മന്‍ ചാണ്ടി.
750 കര്‍ഷകര്‍ ചോര കൊടുത്തും ലക്ഷക്കണക്കിനു കര്‍ഷകര്‍ നീരുകൊടുത്തും കൈവരിച്ച നേട്ടമാണിത്. വെടിയുണ്ടകൊണ്ട് വീണിട്ടും ഗാന്ധിയന്‍ മാര്‍ഗത്തില്‍ നിന്ന് അണുവിട ചലിക്കാതെയുള്ള ഈ സമരം സമാനതകളില്ലാത്തതാണ്. കര്‍ഷകരെ അഭിനന്ദിക്കുകയും അഭിവാദ്യം ചെയ്യുകയും ചെയ്യുന്നു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ജനരോഷത്തിനു മുന്നില്‍ ഇന്ധനവില വിലയും കുറയ്‌ക്കേണ്ടി വരുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
അതേസമയം ഇന്ത്യയിലെ കര്‍ഷകകോടികളുടെ മുന്നില്‍ നരേന്ദ്രമോദിയെന്ന ഫാസിസ്റ്റ് ഭരണാധികാരിക്ക് മുട്ടുമുടക്കേണ്ടി വന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന് ശുഭസൂചന നല്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി.
കോണ്‍ഗ്രസ് പാര്‍ലമെന്റിനകത്തും പുറത്തും കര്‍ഷകര്‍ക്കൊപ്പം നിന്ന് ഉജ്വല പോരാട്ടം നടത്തി.
മോദിയുടെ പതനം കര്‍ഷകരുടെ സമരഭൂമിയില്‍ നിന്ന് ആരംഭിച്ചിരിക്കുകയാണ്. ഇനി അതു രാജ്യമാകെ ആളിപ്പടരും. കര്‍ഷകരെ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതാനുള്ള മോദി സര്‍ക്കാരിന്റെ അജന്‍ഡയാണ് ജനാധിപത്യ ശക്തികള്‍ പൊളിച്ചടുക്കിയത്.
ബ്രിട്ടീഷുകാര്‍ക്കെതിരേ ഇന്ത്യന്‍ ജനത നടത്തിയ ഐതിഹാസിക പോരാട്ടത്തെ അനുസ്മരിപ്പിക്കുന്നതാണ് കര്‍ഷക സമരം. ഗാന്ധിയന്‍ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് സമാധാനപൂര്‍വം നടത്തിയ സമരത്തെ ചോരയില്‍ മുക്കി കൊല്ലാന്‍ ഭരണകൂടം പലതവണ ശ്രമിച്ചു. അപ്പോഴൊക്കെ ആത്മസംയമനം പാലിച്ച കര്‍ഷക സമരം വേദനയും കണ്ണീരും നിറഞ്ഞതാണ്. 750ലധികം കര്‍ഷകരാണ് 15 മാസം നീണ്ട പ്രക്ഷോഭത്തിനിടയില്‍ കൊല്ലപ്പെട്ടത്. മരംകോച്ചുന്ന തണുപ്പത്തും ജ്വലിക്കുന്ന വെയിലിലും അവര്‍ ഉരുകിയില്ല. കര്‍ഷക ലക്ഷങ്ങളെ അഭിവാദ്യം ചെയ്യുന്നു.
വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പായി കര്‍ഷക വിരുദ്ധ നിയമം പിന്‍വലിക്കാനുള്ള പ്രധാനമന്ത്രിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും ഉദ്ദേശ്യശുദ്ധി സംശയാസ്പദമാണെന്നും സുധാകരന്‍ പറഞ്ഞു.