കല്ലുവാതുക്കല്‍ മദ്യ ദുരന്ത കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന പ്രതി മണിച്ചനെ ഉടൻ വിട്ടയക്കാൻ സുപ്രീം കോടതി ഉത്തരവ്. പിഴ അടയ്ക്കാത്തതിന്റെ പേരില്‍ മോചനം നിഷേധിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, വിക്രം നാഥ് എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.മണിച്ചനെ ഉടനടി മോചിപ്പിക്കാനാണ് സംസ്ഥാന സർക്കാരിന് സുപ്രീം കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. 30.45 ലക്ഷം രൂപയാണ് മണിച്ചൻ പിഴയായി അടക്കേണ്ട തുക. ഈ പിഴ അടക്കാതെ മണിച്ചന്റെ മോചനം സാധ്യമാകില്ലെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ ഉത്തരവിലുണ്ടായിരുന്നത്. ഇതിനെ ചോദ്യം ചെയ്താണ് മണിച്ചന്റെ ഭാര്യ ഉഷ സുപ്രീം കോടതിയെ സമീപിക്കുന്നത്. കേസിലെ മറ്റ് രണ്ട് പ്രതികളായ വിനോദ് കുമാര്‍, മണികണ്ഠന്‍ എന്നിവരെ പിഴ അടയ്ക്കാതെ ജയില്‍ മോചിപ്പിച്ചതായി മണിച്ചന്റെ ഭാര്യ ഉഷയുടെ അഭിഭാഷക മാലിനി പൊതുവാള്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി,മണിച്ചന്റെ മോചനം സംബന്ധിച്ച് നാലാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി മേയ് 20-ന് നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് സംസ്ഥാന മന്ത്രിസഭാ യോഗം മണിച്ചനെ മോചിപ്പിക്കാന്‍ നല്‍കിയ ശുപാര്‍ശയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവെച്ചു. കേസിലെ ഏഴാംപ്രതിയായ മണിച്ചന് ജീവപര്യന്തവും 30.45 ലക്ഷം രൂപയുമാണ് വിചാരണക്കോടതി ശിക്ഷ വിധിച്ചിരുന്നത്. പിഴ അടച്ചില്ലെങ്കിൽ 22 വർഷവും 9 മാസവും കൂടി ജയിൽശിക്ഷ അനുഭവിക്കണമെന്നായിരുന്നു സർക്കാരിന്റെ നിലപാട്. ഇതു തള്ളിയാണ് മണിച്ചനെ പിഴത്തുക കെട്ടിവയ്ക്കാതെ തന്നെ മോചിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത്.
കല്ലുവാതുക്കല്‍ മദ്യ ദുരന്ത കേസ്;പിഴ ഒഴിവാക്കി,മണിച്ചന് മോചനം

