സ്വര്‍ണ്ണക്കടത്ത് കേസില്‍ മുന്‍ ഐ.ടി വകുപ്പ് സെക്രട്ടറി എം. ശിവശങ്കറിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. വെള്ളിയാഴ്ച വരെ അറസ്റ്റ് പാടില്ലെന്ന് കോടതി പറഞ്ഞു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. ശിവശങ്കര്‍ ഹൈക്കോടതിയിൽ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് നടപടി.
അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കുമെന്നും ഒളിവില്‍ പോകില്ലെന്നും ഹരജിയില്‍ ശിവശങ്കര്‍ പറഞ്ഞിട്ടുണ്ട്. ആരോഗ്യ സ്ഥിതി കൂടി കണക്കിലെടുത്ത് മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നാണ് അപേക്ഷ.
തന്നെ അറസ്റ്റ് ചെയ്യാനായിരുന്നു കസ്റ്റംസിന്റെ ശ്രമമെന്നും ഇതിനായി വെള്ളിയാഴ്ച തന്നെ തെരഞ്ഞെടുത്തെന്നും നിയമ വ്യവസ്ഥയെ അട്ടിമറിക്കാനുള്ള ശ്രമം നടക്കുകയാണെന്നും ശിവശങ്കര്‍ ഹരജിയില്‍ പറഞ്ഞു.തന്നെ 90 മണിക്കൂര്‍ ചോദ്യം ചെയ്തു. അറിയാവുന്ന എല്ലാ കാര്യവും കസ്റ്റംസിനോട് പറഞ്ഞിട്ടുണ്ട്. സ്വര്‍ണക്കടത്തില്‍ തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ശിവശങ്കര്‍ ജാമ്യഹരജിയില്‍ പറഞ്ഞു.
അതേസമയം ശിവശങ്കര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നായിരുന്നു കസ്റ്റംസ് പറഞ്ഞത്. അദ്ദേഹം രാഷ്ട്രീയം കളിക്കുകയാണെന്നും കസ്റ്റംസ് പറഞ്ഞു.അതിനിടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കണമെന്ന അഭിഭാഷകന്റെ ആവശ്യത്തില്‍ വിമര്‍ശനവുമായി ഹൈക്കോടതി രംഗത്തെത്തിയിരുന്നു. എല്ലാവര്‍ക്കും അവരവരുടെ കാര്യം അര്‍ജന്റ് മാറ്ററാണെന്ന് പറഞ്ഞ കോടതി, ഇന്ന് തന്നെ ഹരജി പരിഗണിക്കാന്‍ സാധിക്കില്ലെന്നായിരുന്നു മറുപടി നല്‍കിയത്.
അത്യാവശ്യമായി ഹരജി കേള്‍ക്കണം എന്ന് അഭിഭാഷകന്‍ വീണ്ടും പറഞ്ഞതോടെ ഉച്ചയ്ക്ക് ശേഷം പരിഗണിക്കുന്നത് നോക്കാമെന്നായിരുന്നു കോടതി മറുപടി നല്‍കിയത്.
അതേസമയം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന ശിവശങ്കറിനെ ഇന്ന് വാര്‍ഡിലേക്ക് മാറ്റിയേക്കും.
ശിവശങ്കറിന്റെ ആരോഗ്യനില തൃപ്തികരമാണ്. ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നാണ് ഇന്ന് രാവിലെ ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. രക്തസമ്മര്‍ദ്ദം, ഇ.സി.ജി ഇവ സാധാരണ നിലയിലാണ്.
നടുവേദനയ്ക്ക് വിദഗ്ദ്ധ ചികിത്സക്ക് വേണ്ടിയാണ് ശിവശങ്കറിനെ സ്വകാര്യ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.