മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരാതിയുമായി സ്വപ്ന സുരേഷ് ജോലി ചെയ്തിരുന്ന സ്വകാര്യ എൻജിഒ ആയ എച്ച്ആർഡിഎസ് എൻഫോഴ്സ്മെൻറ് ഡയറക്ട്രേറ്റിനെ സമീപിച്ചു. ഡോളർ കടത്തുകേസിൽ മുഖ്യമന്ത്രിയുടെയും കുടുംബത്തിൻറെയും മൊഴിരേഖപ്പെടുത്തണമെന്നാണ് ആവശ്യം. പതിനഞ്ച് ദിവസത്തിനകം മൊഴി രേഖപ്പെടുത്തിയില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് എച്ച്ആർഡിഎസ് അറിയിച്ചു.
ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല വിജയൻ, മകൾ വീണ എന്നിവരുടെ മൊഴി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണനാണ് ഡൽഹി എൻഫോഴ്സ്മെൻറ് ഡയറക്ട്രേറ്റ് ആസ്ഥാനത്ത് എത്തി പരാതി നൽകിയത്.
വി എസ് അച്യുതാനന്ദൻറെ മുൻ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി കെ.എം ഷാജഹാൻ അഭിഭാഷകനായി ഒപ്പമെത്തി. മുഖ്യമന്ത്രിക്കെതിരെ സ്വപ്ന സുരേഷും ശിവശങ്കറും സരിത്തും മൊഴിനൽകിയിട്ടുണ്ടെന്ന് പരാതിയിൽ പറയുന്നു.
മുഖ്യമന്ത്രിയെ ഒഴിവാക്കുന്നത് നിയമത്തിന് മുന്നിൽ എല്ലാവരും സമന്മാരാണെന്ന ഭരണഘടന തത്വത്തിന് വിരുദ്ധമാണെന്നാണ് ആക്ഷേപം. പരാതിക്ക് പിന്നിൽ രാഷ്ട്രീയതാൽപര്യമില്ലെന്നും എച്ച്ആർഡിഎസ് വ്യക്തമാക്കി. ഇഡി മൊഴിയെടുക്കാൻ വൈകുന്നത് സംശയാസ്പദമാണെന്നും പ്രതിപക്ഷ പാർട്ടികൾ പോലും താല്പര്യം എടുക്കുന്നില്ലെന്നും അഭിഭാഷകൻ കെ.എം ഷാജഹാൻ ആരോപിച്ചു. കസ്റ്റംസിനും സിബിഐയ്ക്കും പരാതി നല്കാനും എച്ച്ആർഡിഎസിന് ആലോചനയുണ്ട്.

