തിരുവനന്തപുരം: മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ അസാധാരണ നീക്കവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്. ഇന്ന് രാവിലെ 11.45ന് രാജ്ഭവനിൽ ഗവർണർ അപ്രതീക്ഷിതമായ വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. സമ്മേളനത്തിൽ സർക്കാരിനുമെതിരെ തെളിവുകൾ പുറത്ത് വിടുമെന്ന് ഗവർണർ അറിയിച്ചു.
സർവകലാശാല വിഷയത്തിൽ മുഖ്യമന്ത്രി അയച്ച കത്ത് പുറത്ത് വിട്ടേക്കുമെന്നാണ് സൂചന. ഇതിന്റെ രേഖകളും ദൃശ്യങ്ങളും പുറത്തുവിടാനാണ് വാർത്താ സമ്മേളനമെന്നാണ് രാജ്ഭവൻ നൽകുന്ന സൂചന. കണ്ണൂർ ചരിത്ര കോൺഗ്രസ് ഉദ്ഘാടനത്തിനിടെ തനിക്കെതിരെ ഉണ്ടായ വധശ്രമത്തിൽ കേസ് എടുക്കാത്തത് മുഖ്യമന്ത്രി നിർദേശിച്ചിട്ടാണെന്ന് ഗവർണർ ആരോപിച്ചിരുന്നു. തനിക്ക് നേരെയുണ്ടായ വധശ്രമത്തിന്റെ ദൃശ്യങ്ങളും മുഖ്യമന്ത്രിയയച്ച കത്തുകളും നാളെ പുറത്തുവിടുമെന്നും ഗവർണർ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
എന്തൊക്കെയാകും ദൃശ്യങ്ങളിൽ എന്നാണ് ആകാംക്ഷ. ചാൻസലർ പദവി ഒഴിയാമെന്ന് നിർദ്ദേശിച്ചപ്പോൾ തുടരാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി അയച്ച കത്തുകളും പുറത്തുവിടുമെന്നാണ് അറിയിപ്പ്. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇടപടെലുകൾ ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകി മുഖ്യമന്ത്രി അയച്ച കത്തിൽ എന്തൊക്കെ കൂടുതൽ കാര്യങ്ങളുണ്ടാകുമെന്നാണ് അടുത്ത ആകാംക്ഷ. അതിനുമപ്പുറം മുഖ്യമന്ത്രി ആവശ്യപ്പെട്ടു എന്ന് പറയുന്ന ആനുകൂല്യങ്ങളെ കുറിച്ച് വെളിപ്പെടുത്തുമോ എന്നുള്ളതും കേരളം ഉറ്റുനോക്കുകയാണ്.

