ന്യൂഡല്‍ഹി: ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലയിലെ താല്‍ക്കാലിക വിസി നിയമനത്തില്‍ ഗവര്‍ണര്‍ക്ക് തിരിച്ചടി. മുഖ്യമന്ത്രി നല്‍കുന്ന പട്ടികയില്‍ നിന്നാകണം നിയനമെന്ന് അനുശാസിക്കുന്ന സുപ്രിംകോടതി ഉത്തരവിന്റെ പകര്‍പ്പ് പുറത്തുവന്നു.
മുഖ്യമന്ത്രി നല്‍കുന്ന പട്ടികയിലെ മുന്‍ഗണനാ ക്രമമനുസരിച്ച് ചാന്‍സലര്‍ നിയമനം നടത്തണമെന്നും മുന്‍ഗണനാ ക്രമത്തില്‍ പട്ടിക നല്‍കാന്‍ മുഖ്യമന്ത്രിക്കാണ് അധികാരമെന്നും കോടതി ഉത്തരവില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ നിലപാടില്‍ എതിര്‍പ്പുണ്ടെങ്കില്‍ ചാന്‍സിലര്‍ അക്കാര്യം സുപ്രിംകോടതിയെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.
അനുയോജ്യരല്ലാത്തവര്‍ ചുരുക്കപ്പട്ടികയിലുണ്ടെങ്കില്‍ മുഖ്യമന്ത്രി അക്കാര്യം രേഖാമൂലം ചാന്‍സിലറെ അറിയിക്കണം. എതിര്‍പ്പുള്ളവരുടെ വാദം കേട്ട ശേഷം അന്തിമ തീരുമാനമെടുക്കന്നത് സുപ്രിംകോടതി ആയിരിക്കും. സെര്‍ച്ച് കമ്മിറ്റിയുടെ തീരുമാനത്തില്‍ വിയോജിപ്പുണ്ടെങ്കില്‍ മുഖ്യമന്ത്രിക്ക് അറിയിക്കാമെന്നും കോടതിയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു.

