വയനാട് ഉരുള്‍പൊട്ടല്‍ ബാധിച്ച പ്രദേശത്തെ വായ്പകള്‍ എഴുതിത്തള്ളുക എന്നതാണ് പരിഹാരം എന്ന് മുഖ്യമത്രി പിണറായി വിജയന്‍. അവധി നീട്ടി കൊടുക്കല്‍, പലിശ ഇളവ് ഒന്നും ദുരിതബാധിതര്‍ക്ക് മതിയായ പരിഹാരമല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഉരുള്‍ കൃഷിഭൂമിയുടെ രൂപം തന്നെ മാറ്റിയിരിക്കുന്ന സ്ഥിതിയാണ് വയനാട്ടിലുളളത്. തുടര്‍വാസമോ കൃഷിയോ ഊ പ്രദേശങ്ങളില്‍ സാധ്യമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കര്‍ഷക കുടുംബങ്ങള്‍ കൂടുതലുളള പ്രദേശത്തെ മിക്കവരും വായ്പ എടുത്തിട്ടുണ്ട്. വീട് നിര്‍മ്മിക്കാന്‍ ലോണ്‍ എടുത്തവര്‍ക്ക് വീട് തന്നെ ഇല്ലാതായി. തിരിച്ചടയ്ക്കാന്‍ കഴിയാത്ത സ്ഥിതിയാണ് നിലനില്‍ക്കുന്നത്. മാതൃക പരമായ നടപടികള്‍ ബാങ്കുകള്‍ സ്വീകരിക്കണം. കേരള ബാങ്ക് അതില്‍ മാതൃക കാണിച്ചു. ദുരിതബാധിതര്‍ക്കുളള സഹായ ധനത്തില്‍ കയ്യിട്ട് വാരിയ ഗ്രാമീണ ബാങ്ക് നടപടി ശരിയല്ലെന്നും നടപടികള്‍ യന്ത്രികമായി മാറരുതെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.
സംസ്ഥാന തല ബാങ്കേഴ്‌സ് സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി , ചീഫ് സെക്രട്ടറി എന്നിവര്‍ പങ്കെടുത്തു.