സ്വപ്ന സുരേഷിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയതില്‍ പ്രതികരണവുമായി കെടി ജലീല്‍.സ്വർണ്ണക്കടത്തുമായോ ഡോളർ കടത്തുമായോ പുലബന്ധം പോലുമില്ലാത്ത ജൽപനങ്ങൾ വിളിച്ച് കൂവി ആദരണീയനായ മുഖ്യമന്ത്രിയേയും കുടുംബത്തെയും ഇടതുപക്ഷ സർക്കാരിനെയും വിനീതനായ എന്നെയും അപമാനിക്കാനും താറടിക്കാനും ഇറങ്ങിത്തിരിച്ച “ഡിപ്ലോമാറ്റിക്ക് സ്വർണ്ണക്കടത്തു” കേസിലെ പ്രതികൾക്കെതിരെ ഞാൻ പോലീസിൽ പരാതി നൽകിയിരുന്നു. അത് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട കക്ഷി നൽകിയ ഹർജി ഹൈക്കോടതി തള്ളി. പ്രസ്തുത പരാതിയിൻമേൽ പോലീസിന് അന്വേഷണം തുടരാം. ഞാൻ നൽകിയ പരാതിയെ പരിഹസിക്കുകയും അതിലെ വരികൾ മുടിനാരിഴകീറി അപഗ്രഥിച്ച് പുച്ഛിക്കുകയും എനിക്ക് വിവരമില്ലെന്ന് മീഡിയാ റൂമിലിരുന്ന് ആക്രോശിച്ചട്ടഹസിക്കുകയും എന്നെ ഒറ്റ തിരിഞ്ഞ് വേട്ടയാടുകയും ചെയ്ത കോട്ടിട്ട ചാനൽ അവതാരകർക്കും അന്തിച്ചർച്ചകളിലെ സ്ഥിര ന്യായീകരണ തൊഴിലാളികൾക്കും അവരുടെ വാദങ്ങളെ അണ്ണാക്ക് തൊടാതെ വിഴുങ്ങിയ പ്രതിപക്ഷ നേതാവിനും ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ വിധി വിനയപുരസ്സരം സമർപ്പിക്കുന്നു കെ ടി ജലീൽ പറഞ്ഞു .
തിരുവനന്തപുരത്തെയും പാലക്കാട്ടെയും കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത് .സ്വർണക്കടത്തുമായി ബന്ധപ്പെട്ട് രഹസ്യമൊഴി നൽകിയ ശേഷം സ്വപ്ന, മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഇതേത്തുടർന്നാണ് സ്വപ്നയ്ക്കെതിരെ തിരുവനന്തപുരത്തും പാലക്കാട്ടും കേസ് റജിസ്റ്റർ ചെയ്തത്. മുൻമന്ത്രി കെ.ടി ജലീലിന്റെ പരാതിയിൽ ഗൂഢാലോചനകുറ്റം ചുമത്തിയാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്.
ആക്രോശിച്ചട്ടഹസിച്ചവർക്കും,കോട്ടിട്ട ചാനൽ അവതാരകർക്കും,അന്തിച്ചർച്ചകളിലെ സ്ഥിര ന്യായീകരണ തൊഴിലാളികൾക്കും ,പ്രതിപക്ഷ നേതാവിനും ഹൈക്കോടതി വിധി സമര്‍പ്പിക്കുന്നു

