സുഡാനിലെ കാര്‍ട്ടൂമില്‍ നിന്ന് എത്യോപ്യയിലെ അഡിസ് അബാബയിലേക്ക് പോകുകയായിരുന്ന വിമാനത്തിലെ പൈലറ്റുമാര്‍ 37,000 അടി ഉയരത്തില്‍ സഞ്ചരിക്കവേ ഉറങ്ങിപ്പോയി. തിങ്കളാഴ്ചയായിരുന്നു സംഭവം. ബോയിങ് 737-800 ഇ.ടി -343യിലെ രണ്ടു പൈലറ്റുമാരാണ് ഉറങ്ങിപ്പോയത്.
വിമാനം അഡിസ് അബാബ വിമാനത്താവളത്തിനരികെ എത്തിയപ്പോള്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എടിസി) മുന്നറിയിപ്പ് നല്‍കിയെങ്കിലും ലാന്‍ഡിംഗ് ഉണ്ടായില്ല. എടിസി നിരവധി തവണ പൈലറ്റുമാരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം. ഒടുവില്‍ വിമാനം ഇറങ്ങേണ്ടിയിരുന്ന റണ്‍വേ മറികടന്നപ്പോള്‍ ഓട്ടോപൈലറ്റ് സംവിധാനം വിച്ഛേദിക്കപ്പെടുകയും അലാറം അടിക്കുകയും ചെയ്തു. ഉച്ചത്തിലുള്ള അലാറം കേട്ട് പൈലറ്റുമാര്‍ ഉണര്‍ന്നത് രക്ഷയായി. ഇതിനകം തന്നെ റണ്‍വേയില്‍ ഇറങ്ങാന്‍ 25 മിനിറ്റലധികം വൈകിയിരുന്നു. തുടര്‍ന്ന് പെട്ടെന്ന് തന്നെ വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കി വിമാനം സുരക്ഷിതമായി റണ്‍വേയിലിറക്കുകയായിരുന്നു.
ഏവിയേഷന്‍ അനലിസ്റ്റ് അലക്സ് മക്കെരാസ് സംഭവത്തെക്കുറിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.സമാന സംഭവം മെയ് മാസത്തില്‍ ന്യൂയോര്‍ക്കില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു.