എറണാകുളം കാക്കനാട്ടെ ഫ്ളാറ്റില്‍ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത് വിട്ട് പൊലീസ്. കൊലപാതകം നടന്ന ഫ്ളാറ്റില്‍ ആളുകള്‍ വന്ന് ലഹരി ഉപയോഗിക്കുകയും വില്‍പ്പന നടത്തുകയും ചെയ്തിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ലഹരി ഇടപാടിലെ സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ എച്ച് നാഗരാജു അറിയിച്ചു. ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. പ്രതിയെ രക്ഷപ്പെടാന്‍ ഒരാള്‍ സഹായിച്ചിരുന്നെന്ന് സംശയമുണ്ട്. അതിനാല്‍ കൂടുതല്‍ അറസ്റ്റിന് സാധ്യതയുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു.
അതേസമയം, കൊലപാതകത്തെ തുടര്‍ന്ന് കൊച്ചിയിലെ ഫ്ളാറ്റുകളില്‍ സിസിടിവി ക്യാമറകള്‍ നിര്‍ബന്ധമാക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു മയക്കുമരുന്ന് വില്‍പ്പനയും ഉപയോഗവും തടയാന്‍ നടപടികള്‍ ശക്തമാക്കുകയാണെന്നും ഇത് സംബന്ധിച്ച് അസോസിയേഷനുകള്‍ക്ക് മാര്‍ഗ നിര്‍ദ്ദേശം നല്‍കിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പൊലീസിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത റെസിഡന്‍സ് അസോസിയേഷനുകള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കും. സിസിടിവികള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് അസോസിയേഷന് ഭാരവാഹികള്‍ ഉറപ്പുവരുത്തണം. ഇതില്‍ വീഴ്ച വരുത്തുകയോ അസ്വഭാവിക നടപടികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടും അറിയിക്കാതിരിക്കുകയോ ചെയ്താല്‍ അവരെ കൂട്ടുപ്രതിയാക്കി കേസെടുക്കും.
ഫ്ളാറ്റുകള്‍ വാടകയ്ക്ക് നല്‍കുന്നതിന് മുമ്പ് പൊലീസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കണം. ഇതിന്റെ നടപടികള്‍ക്കായുള്ള രേഖകള്‍ ഓണ്‍ലൈനില്‍ ലഭ്യമാണെന്നും കമ്മീഷണര്‍ വിശദീകരിച്ചു.