വിഴിഞ്ഞം തീരത്ത് നാലാം ദിവസവും മത്സ്യത്തൊഴിലാളികളുടെ സമരം സംഘര്‍ഷഭരിതം. പ്രദേശത്ത് പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ തള്ളിയിട്ട് പ്രതിഷേധക്കാര്‍ അതീവ സുരക്ഷാമേഖലയിലേക്ക് ഇരച്ചുകയറി. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാര്‍ നിര്‍മ്മാണ സ്ഥലത്തേക്ക് ഇരച്ചുകയറുകയും തുറമുഖ കവാടത്തിന് മുകളില്‍ പ്രതിഷേധക്കാര്‍ കൊടിനാട്ടുകയും ചെയ്തു.
നൂറ് കണക്കിന് ആളുകള്‍ ഒന്നിച്ച് വന്നതോടെ പോലീസും നിസ്സഹായരായി. സമരത്തിന് എത്തുന്നവരെ നിയന്ത്രിക്കാനോ അറസ്റ്റ് ചെയ്ത് നീക്കാനോ പോലീസിന് സാധിക്കുന്നില്ല. ഇതാദ്യമായാണ് തുറമുഖ പദ്ധതിക്കെതിരെ ഇത്രയും ശക്തമായ രീതിയില്‍ സമരം നടക്കുന്നത്.
അതേസമയം സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. ഡല്‍ഹിയില്‍ നിന്ന് ഫിഷറീസ് മന്ത്രി വി അബ്ദുറഹിമാന്‍ ഇന്ന് മടങ്ങിയെത്തിയതിനു ശേഷം ചര്‍ച്ചയ്ക്കുള്ള സ്ഥലവും സമയവും നിശ്ചയിക്കും. ചര്‍ച്ചയ്ക്ക് സമ്മതമാണെന്ന് ലത്തീന്‍ അതിരൂപത ഇന്നലെ അറിയിച്ചിരുന്നു.
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവയ്ക്കണം, തീരശോഷണത്തിന് ശാശ്വത പരിഹാരം വേണം, വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസം ഉറപ്പാക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് സമരത്തിന് നേതൃത്വം നല്‍കുന്ന ലത്തീന്‍ അതിരൂപത വ്യക്തമാക്കിയിരുന്നു. ഓഗസ്റ്റ് 31 വരെ സമരം തുടരാനാണ് ഇവരുടെ തീരുമാനം. പള്ളം ലൂര്‍ദ്പുരം, അടിമലത്തുറ, കൊച്ചു പള്ളി എന്നിവിടങ്ങളില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് ഇന്ന് ഉപരോധസമരത്തിന് നേതൃത്വം നല്‍കുന്നത്.
അതേസമയം സ്ഥലമേറ്റെടുക്കലും പുനരധിവാസവും സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ആറു മന്ത്രിമാര്‍ പങ്കെടുക്കുന്ന യോഗം 22 ന് നടക്കും.