ആലപ്പുഴ പുന്നപ്രയില്‍ ട്രെയിനിടിച്ച് മരിച്ച നന്ദുവിന് മര്‍ദ്ദനമേറ്റിരുന്നെന്ന് പൊലീസ്. സംഭവത്തില്‍ എട്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അടിപിടിയുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മാരകായുധങ്ങളുമായി വീട്ടിലെത്തി ഭീഷണിപ്പെടുത്തിയ നിധിന്‍ തോമസ്, സുമേഷ്, വിഷ്ണു പ്രസാദ്, ഇക്രു, സജീവന്‍, റോബിന്‍, മുന്ന, ഫൈസല്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കാന്‍ ഓടിക്കുന്നതിന് ഇടയില്‍ നന്ദു ട്രെയിന്‍ ഇടിച്ച് മരിക്കുകയായിരുന്നു എന്നാണ് കുടുംബത്തിന്റെ ആരോപണം. എന്നാല്‍ പൊലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. മാനസിക വിഷമത്തെ തുടര്‍ന്ന് നന്ദു ആത്മഹത്യ ചെയ്തു എന്നാണ് പൊലീസിന്റെ നിഗമനം. കുടുംബത്തിന്റെ ആരോപണങ്ങള്‍ തള്ളി ഡിവൈഎഫ്ഐ നേതൃത്വവും രംഗത്തെത്തിയിരുന്നു.
നന്ദുവിന്റെ സഹോദരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. കേസില്‍ പ്രതികളായ മുന്ന, ഫൈസല്‍ എന്നിവര്‍ ചേര്‍ന്ന് നന്ദുവിനെ മര്‍ദ്ദിച്ചെന്നാണ് പൊലീസിന്റെ എഫ്ഐആറിലുള്ളത്. മരിച്ച നന്ദു അടക്കം നാലു പേര്‍ക്കെതിരെ മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഞായറാഴ്ച വൈകുന്നേരം പുന്നപ്ര പൂമീന്‍ പൊഴിക്ക് സമീപം മദ്യലഹരിയില്‍ ഇരുകൂട്ടരും തമ്മില്‍ അടിപിടി നടന്നിരുന്നു. ഇവരെ പിടിച്ചു മാറ്റാന്‍ നന്ദു പോയിരുന്നു. ഇതിന് ശേഷമാണ് നന്ദുവിനെ കാണാതായത്.
നന്ദുവിനെ കാണാതാകുന്നതിന് മുന്‍പ് ബന്ധുവിന്റെ മൊബൈല്‍ ഫോണിലേക്കയച്ച ശബ്ദ സന്ദേശത്തില്‍ ചിലര്‍ മര്‍ദ്ദിച്ചതായി പറയുന്നുണ്ട്. പുന്നപ്ര പുതുവല്‍ ബൈജുവിന്റെയും സരിതയുടെയും മകന്‍ ശ്രീരാജാണ് നന്ദു (20) ഞായറാഴ്ച രാത്രി 8.10ന് മെഡിക്കല്‍ കോളജിന് സമീപം ട്രെയിന്‍ തട്ടി മരിച്ചത്.