കൊല്ലം: കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന് യാത്രാമൊഴി നല്‍കാനൊരുങ്ങി നാട്. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ നിന്നും മൃതദേഹം സ്‌കൂളിലേക്ക് കൊണ്ടുപോയി. സ്‌കൂളില്‍ 12 മണിവരെ പൊതുദര്‍ശനത്തിന് വെക്കും. സഹപാഠികളും അധ്യാപകരും നാട്ടുകാരും അന്ത്യാഞ്ജലി അര്‍പ്പിക്കും. തുടര്‍ന്ന് മൃതദേഹം ശാസ്താംകോട്ട വിളന്തറയിലെ വീട്ടില്‍ എത്തിക്കും. തുര്‍ക്കിയില്‍ നിന്ന് കൊച്ചിയില്‍ വിമാനമിറങ്ങിയ അമ്മ സുജ പോലീസ് വാഹനത്തിന്റെ അകമ്പടിയില്‍ കൊല്ലത്തേക്ക് യാത്ര തിരിച്ചിട്ടുണ്ട്.
വഴിനീളെ കാത്തുനില്‍ക്കുന്നവരെ കാണിച്ചാണ് വിലാപയാത്ര മുന്നോട്ട് പോകുന്നത്. റോഡരികില്‍ കാത്തുനിന്നവരും മിഥുന് അന്ത്യാഞ്ജലി അര്‍പ്പിക്കുന്നുണ്ട്. പ്രതികൂല കാലാവസ്ഥയിലും നിരവധി പേരാണ് മിഥുനെ അവസാനമായി ഒരു നോക്ക് കാണാന്‍ എത്തിയിരിക്കുന്നത്.

