രാജസ്ഥാനിലെ ജോധ്പുരില്‍ ആറു മാസം പ്രായമുള്ള പെണ്‍കുഞ്ഞടക്കമുള്ള നാലംഗ കുടുംബത്തെ കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ അഗ്നിക്കിരയാക്കി. ഒസിയാന്‍ എന്ന ഗ്രാമത്തില്‍ ഇന്നലെ രാത്രിയാണ് മനഃസാക്ഷിയെ നടുക്കുന്ന കൊലപാതകം അരങ്ങേറിയത്.ചൗരായ് സ്വദേശിയായ പുനാറാം (55), ഭാര്യ ഭന്‍വാരി (50), മരുമകള്‍ ധാപു (24), ധാപുവിന്‍റെ ആറു മാസം പ്രായമുള്ള മകള്‍ എന്നിവരാണ് മരിച്ചത്. മൂര്‍ച്ചയുള്ള ആയുധമുപയോഗിച്ച് ഇവരെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ വീടിന്റെ നടുമുറ്റത്തേക്ക് വലിച്ചിട്ടാണ് ചുട്ടെരിക്കുകയായിരുന്നു.
അക്രമം നടത്തിയത് ആരാണെന്ന് വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു. ക്രൂരമായ കൊലപാതകത്തിന്റെ ഉദ്ദേശ്യം വ്യക്തമല്ലെങ്കിലും വ്യക്തി വൈരാഗ്യമാകാം കാരണമെന്നാണ് പ്രാഥമിക വിലയിരുത്തലെന്നാണ് പോലീസ് പറയുന്നത്. പുനാറാമിന് ബന്ധുക്കളുമായി സ്വത്ത് തര്‍ക്കം ഉണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ സഹോദരനേയും ബന്ധുവിനേയും പോലീസ് ചോദ്യം ചെയ്തിരുന്നു. 19-കാരനായ ബന്ധുവിനെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.
കർഷകനായ പുനാറാമിന്‍റെ മൂത്ത മകന്‍ ജോലിയുടെ ഭാഗമായി മറ്റൊരു സ്ഥലത്താണുള്ളത്. രണ്ടാമത്തെ മകന്‍ കുടുംബവുമായി മറ്റൊരു വീട്ടിലാണ് താമസം. ഉറങ്ങിക്കിടക്കുമ്പോഴാണ് നാലുപേരും ആക്രമിക്കപ്പെട്ടതെന്ന് പോലീസ് വ്യക്തമാക്കി.
ബുധനാഴ്ച രാവിലെ വീട്ടില്‍ നിന്ന് പുക ഉയരുന്നത് കണ്ട് അയല്‍വാസികള്‍ ചെന്നപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ ശരീരം പൂര്‍ണമായും കത്തിക്കരിഞ്ഞതായും മറ്റുള്ളവരുടേത് ഭാഗികമായി കത്തിയതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

