കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മതിലിൽ ഇടിച്ച് വിദ്യാർത്ഥികൾ ഉൾപെടെ നിരവധി പേർക്ക് പരുക്കേറ്റു. ഇരിക്കൂർ ചേടിച്ചേരിയിലാണ് അപകടം. നിയന്ത്രണം വിട്ട സ്വകാര്യ ബസ് മതിലിലിടിച്ച് നിരവധി പേർക്ക് പരിക്ക്. ഇരിക്കൂർ ചേടിച്ചേരി എഎൽപി സ്കൂളിന് സമീപം ബുധനാഴ്ച്ചരാവിലെ ഒമ്പതരയോടെയാണ് അപകടമുണ്ടായത്. ഇരിക്കൂറിൽ നിന്നും മയ്യിലേക്ക് വരികയായിരുന്ന ഷാർപ്പ് ബസ്സാണ് അപകടത്തിൽപ്പെട്ടത്.
നിയന്ത്രണംവിട്ട ബസ് ഇരിക്കൂർ ചേടിച്ചേരി എഎൽപി സ്കൂളിന് സമീപത്തെ മതിലിൽ ഇടിക്കുകയായിരുന്നു. ബസിന്റെ മുൻ ഭാഗം തകർന്നു. വിദ്യാർത്ഥികളടക്കം ഇരുപതോളം പേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ മയ്യിൽ, ഇരിക്കൂർ, കണ്ണൂർ എന്നിവിടങ്ങളിലെ ആശുപത്രികളിലേക്ക് മാറ്റി. മതിലിടിഞ്ഞുവീണ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഉണ്ടായിരുന്നവർക്കും പരിക്കേറ്റു. ഇരിക്കൂർ പോലീസും മട്ടന്നൂർ ഫയർഫോഴ്സും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.