പ്രിയ നേതാവിന്റെ വേർപാടിൽ കണ്ണീരണിയുകയാണ് കേരളജനത. ചൊവ്വാഴ്ച്ച പുലർച്ചെയാണ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായി ഉമ്മൻ ചാണ്ടി അന്തരിച്ചത്. തിരുവനന്തപുരത്തെ പൊതുദർശന ചടങ്ങുകൾക്ക് ശേഷം ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ നിന്ന് മൃതദ്ദേഹവുമായി വിലാപയാത്ര കോട്ടയത്തേക്ക് പുറപ്പെട്ടു.
തിരുവനന്തപുരത്തെ വസതിയിൽ അനവധി പ്രമുഖർ പ്രിയ നേതാവിനെ കാണാനെത്തി. ഇന്ന് രാവിലെയാണ് നടൻ ജഗദീഷ് വസതിയിലെത്തിയത്. ഉമ്മൻ ചാണ്ടി എന്ന നേതാവ് തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട വ്യക്തികളിലൊരാളായിരുന്നെന്ന് പറയുകയാണ് ജഗദീഷ്. നേതാവിന്റെ ചേതനയറ്റ ശരീരം കണ്ട് ജഗദീഷ് വികാരാധീനനാവുകയും ചെയ്തു.
തന്റെ ഭാര്യ രമ യാത്രയായപ്പോൾ ആദ്യം ആശ്വസിപ്പിക്കാനെത്തിയത് ഉമ്മൻ ചാണ്ടിയാണെന്ന് ജഗദീഷ് പറയുന്നു. ഉമ്മൻ ചാണ്ടിക്കരികിൽ കുറച്ച് നേരം കൂടി നിൽക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും തിരക്കു മൂലം സാധിച്ചില്ലെന്നും ജഗദീഷ് കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ ജനകീയതയെ ആണ് ഈ തിരക്കു കാണിക്കുന്നതെന്നും ജഗദീഷ് ഓർമപ്പെടുത്തി.
“വളരെ വ്യക്തിപരമായ ബന്ധമാണ് ഉമ്മൻ ചാണ്ടി സാറുമായുള്ളത്. സാറിന്റെ ഭാര്യയുമായി കാനറ ബാങ്കിൽ ഒന്നിച്ച് ജോലി ചെയ്യാനുള്ള അവസരം എനിക്ക് ലഭിച്ചിട്ടുണ്ട്. നേതാവെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ഗുണങ്ങളിൽ നൂറിലൊന്ന് പോലും നമുക്ക് പിന്തുടരാനാകില്ല. ജീവിതത്തിലെ എല്ലാ മേഖലയിൽ പ്രവർത്തിച്ച ആളുകളുമായി ആത്മബന്ധമുണ്ടെങ്കിൽ അത് ഉമ്മൻ ചാണ്ടി സാറിനായിരിക്കും. രമ എന്നെ വിട്ടുപോയപ്പോൾ ആദ്യം എന്നെ വിളിച്ച് ആശ്വസിപ്പിച്ചവരുടെ കൂട്ടത്തിൽ അദ്ദേഹമുണ്ടായിരുന്നു. എന്റെ കുട്ടികളുടെ വിവാഹത്തിന് പങ്കെടുത്തിട്ടുണ്ട്. ഇതെല്ലാം ഞങ്ങൾ തമ്മിലുള്ള ആത്മബന്ധത്തിന്റെ തെളിവാണ്.”
‘അവിടെ കുറച്ചധികം നേരം നിൽക്കണമെന്ന് എനിക്കുണ്ടായിരുന്നു. പക്ഷെ ആളുകൾ വന്നു കൊണ്ടിരിക്കുകയാണ്, അവിടെ തന്നെ നിന്ന് ബുദ്ധിമുട്ട് ഉണ്ടാക്കേണ്ടെന്ന് തോന്നി. ആളുകളുടെ തിരക്ക് കണ്ടാൽ അറിയാം അദ്ദേഹം എത്ര ജനകീയനായിരുന്നെന്ന്. പുതുപ്പള്ളി വരെ ഈ കാഴ്ച്ചയുണ്ടാക്കുമെന്നതിൽ സംശയമില്ല,” ജഗദീഷ് പറഞ്ഞു.