നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ പുതിയതായി അഞ്ച് വിദ്യാര്‍ത്ഥികള്‍ കൂടി പരാതി നല്‍കി. പരാതിക്കുമേല്‍ തുടരന്വേഷണം നടത്തി വരികയാണെന്നും കൊട്ടാരക്കര ഡി.വൈ.എസ്.പി മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം,സംഭവത്തില്‍ അഞ്ച് വനിതാ ജീവനക്കാര്‍ കസ്റ്റഡിയില്‍. രണ്ട് കോളേജ് ജീവനക്കാരും മൂന്ന് ഏജന്‍സി ജീവനക്കാരുമാണ് കസ്റ്റഡിയിലുള്ളത്. ഇവരെ ചോദ്യം ചെയ്യുകയാണെന്ന് ഡിഐജി നിശാന്തിനി പറഞ്ഞു. കൊല്ലം ആയൂരിലെ പരീക്ഷ കേന്ദ്രത്തിനെതിരെയാണ് പരാതിയുമായി കൂടുതല്‍ പെണ്‍കുട്ടികളെത്തിയത്. വളരെ മോശം, അപമാനകരമായ അനുഭവമായിരുന്നു തങ്ങള്‍ക്കുണ്ടായതെന്ന് ഒരു വിദ്യാര്‍ത്ഥിനി പ്രതികരിച്ചു.
അടിവസ്ത്രം അഴിപ്പിച്ചതോടെ മുടി മുന്നിലിട്ടാണ് പരീക്ഷ എഴുതിയത്. പരീക്ഷ കഴിഞ്ഞും കോളേജില്‍ നിന്ന് അടിവസ്ത്രം ധരിക്കാന്‍ അനുവധിച്ചില്ലെന്നും വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പുറത്തിറക്കിയ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് പരീക്ഷക്കെത്തിയതെന്ന് ദുരനുഭവം നേരിട്ട വദ്യാര്‍ത്ഥിനിയുടെ പിതാവ് പറഞ്ഞു.സംഭവത്തിൽ അധികൃതർക്ക് സംഭവിച്ച ഗുരുതര വീഴ്ചകളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. പരീക്ഷാ സുരക്ഷയിൽ മതിയായ പരിശീലനം ലഭിച്ചിട്ടില്ലാത്ത പത്തംഗ സംഘമാണ് വിദ്യാർത്ഥിനികളെ അപമാനിച്ചത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച പൊലീസ് കോളജ് അധികൃതരെ അടക്കം ചോദ്യം ചെയ്യും. ഇന്ന് കോളജിൽ എത്തിയ സൈബർ പൊലീസ് സംഘം പരിശോധനയുടെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. വിദ്യാർത്ഥിനികളെ അടിവസ്ത്രം അഴിപ്പിച്ച സ്വകാര്യ ഏജൻസിയിലെ ആളുകൾക്ക് എതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനും സ്വകാര്യത ഹനിച്ചതിനും കേസെടുത്തു.കൊല്ലം ജില്ലയിൽ നാളെ കെ.എസ്.യുവിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ ബന്ദ് ആചരിക്കും. ആയൂർ മാർത്തോമാ കോളജിലേക്ക് കെ.എസ്.യു നടത്തിയ മാർച്ചിന് നേരെയുള്ള പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ്. നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ചതിൽ പ്രതിഷേധിച്ച് വിവിധ വിദ്യാർത്ഥി സംഘടനകൾ നടത്തിയ മാർച്ച് വൻ സംഘർഷത്തിലേക്ക് പോയിരുന്നു. സംഘർഷത്തിൽ നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു.