വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ ആക്രമിച്ചെന്ന പരാതിയില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജനെതിരെ കേസെടുക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇ.പി.യും ഗണ്‍മാനുമെല്ലാം തടഞ്ഞതുകൊണ്ടുമാത്രമാണ് മുഖ്യമന്ത്രിക്ക് നേരെ മറ്റ് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവാതിരുന്നതെന്ന് താന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നതായും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
‘വളരെ ആസൂത്രിതമായാണ് ഇത്തരമൊരു സംഭവം വിമാനത്തില്‍വച്ച് നടത്താന്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കന്മാര്‍ പദ്ധതിയിട്ടതെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. യൂത്ത് കോണ്‍ഗ്രസിന്റെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പ് ഉപയോഗിച്ചാണ് അക്രമപരിപാടികള്‍ ആസൂത്രണം ചെയ്തത്. ‘മുഖ്യമന്ത്രി കണ്ണൂര്‍ – തിരുവനന്തപുരം വിമാനത്തില്‍ വരുന്നുണ്ട്. രണ്ടുപേര്‍ വിമാനത്തില്‍ കയറി കരിങ്കൊടി കാണിച്ചാല്‍… എന്തായാലും വിമാനത്തില്‍ നിന്നും പുറത്തിറക്കാന്‍ കഴിയില്ലല്ലോ’ എന്ന് മുന്‍ എംഎല്‍എ കൂടിയായ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന ഭാരവാഹി പറയുകയും മൂന്നു പേര്‍ക്കായി13,000 രൂപയോളം വരുന്ന ടിക്കറ്റ് നല്‍കാനായി സ്‌പോണ്‍സറെ സംഘടിപ്പിക്കുകയും ചെയ്തു. എല്ലാ സുരക്ഷാ സംവിധാനങ്ങളെയും കബളിപ്പിച്ചുകൊണ്ട് അക്രമം നടത്താനുള്ള ലക്ഷ്യത്തോടുകൂടിയാണ് അക്രമികള്‍ വിമാനത്തില്‍ കയറിയത്. ജയരാജനും ഗണ്‍മാനും മറ്റും അക്രമികളെ തടഞ്ഞതുകൊണ്ട് മാത്രമാണ് മറ്റ് അനിഷ്ടസംഭവങ്ങള്‍ നടക്കാതിരുന്നത്.’- മുഖ്യമന്ത്രി പറഞ്ഞു.
ഈ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ ഇന്‍ഡിഗോയുടെ ആഭ്യന്തര അന്വേഷണ സമിതി ജൂലായ് 16-ന് പുറപ്പെടുവിച്ച ഉത്തരവ്, നിയമാനുസൃതം സംഭവത്തിലുള്‍പ്പെട്ടവരുടെ വാദങ്ങളും തെളിവുകളും കേള്‍ക്കാതെയാണെന്ന പരാതി ഉയര്‍ന്നുവന്നിട്ടുണ്ട്. ഉത്തരവില്‍ത്തന്നെ അതൊരു എക്സ് പാര്‍ട്ടി ഉത്തരവാണെന്ന് പറയുന്നുണ്ട്. പ്രതികളെ സഹായിക്കുന്ന നിലപാടാണ് ഇന്‍ഡിഗോയുടെ ആഭ്യന്തര അന്വേഷണ സമിതി കൈക്കൊണ്ടിട്ടുള്ളതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
ഇന്‍ഡിഗോ വിമാനക്കമ്പനി തങ്ങളുടെ യാത്രക്കാര്‍ക്ക് സുരക്ഷിതത്വവും സംരക്ഷണവും നല്‍കുന്നതില്‍ പരാജയപ്പെട്ടതും അക്രമികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതും വിമാനയാത്രയിലെ സുരക്ഷിതത്വത്തിന് അപകടമുണ്ടാക്കുന്ന ഘടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ ഇപിക്കെതിരെ കേസെടുക്കാത്തത് ഇരട്ടനീതിയാണെന്ന് വിഡി സതീശന്‍ കുറ്റപ്പെടുത്തി.യൂത്ത് കോണ്‍ഗ്രസുകാര്‍ ചെയ്തത് ഭീകര പ്രവര്‍ത്തനം എങ്കില്‍ 19 വയസ്സുകാരന്റെ തല മഴു കൊണ്ട് വെട്ടിയാതാണോ ഭീകര പ്രവര്‍ത്തനമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു .19 കേസില്‍ പ്രതി ആയ കുഞ്ഞുങ്ങളെ ഒക്കത്തു വെക്കുന്ന ആള്‍ അവിടെ ഉണ്ടെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. അങ്ങു അവരെ ഒക്കത് വെക്കരുത് എന്ന് വിഡി സതീശനോട് മുഖ്യമന്ത്രി പറഞ്ഞു.