നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര വിദ്യാഭ്യാസമന്ത്രി. വിദ്യാഭ്യാസ അഡീഷണല്‍ സെക്രട്ടറിയോട് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
അതേസമയം, സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ സംഭവത്തില്‍ സ്വമേധയ കേസെടുത്തു. പരാതി നല്‍കിയ വിദ്യാര്‍ത്ഥിനി പ്രായപൂര്‍ത്തിയാകാത്തതിനാലാണ് ബാലാവകാശ കമ്മീഷന്‍ കേസെടുക്കുന്നത്.
സംഭവത്തില്‍ ആയൂരിലെ പരീക്ഷ കേന്ദ്രത്തിനെതിരെ പരാതിയുമായി കൂടുതല്‍ പെണ്‍കുട്ടികള്‍ രംഗത്തെത്തി. മോശം അനുഭവമാണ് ഉണ്ടായതെന്ന് പെണ്‍കുട്ടികള്‍ പറയുന്നു. അടിവസ്ത്രം അഴിപ്പിച്ചതോടെ മുടി മുന്നിലേക്ക് ഇട്ട് ഇരുന്നാണ് പരീക്ഷ എഴുതിയത്. പരീക്ഷ കഴിഞ്ഞ് കോളജില്‍ വച്ച് അടിവസ്ത്രം ഇടാന്‍ അനുവദിച്ചില്ലെന്നും പെണ്‍കുട്ടികള്‍ പരാതിപ്പെടുന്നു.
എന്നാല്‍, താന്‍ നടത്തിയ അന്വേഷണത്തില്‍ കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചതായി തെളിവ് കിട്ടിയിട്ടില്ലെന്നാണ് നീറ്റ് ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ എന്‍ജെ ബാബു പറയുന്നത്. വിവാദം എന്‍ടിഎ അന്വേഷിക്കും. ഇവരുടെ അന്വേഷണത്തിനൊടുവില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സംഭവത്തിലെ പ്രതിയെ കണ്ടെത്താന്‍ തിരിച്ചറിയല്‍ പരേഡ് നടത്തുമെന്ന് പോലീസ് വ്യക്തമാക്കി. പ്രതിയെ തിരിച്ചറിയാന്‍ വിദ്യാര്‍ത്ഥിനിയുടെ സഹായം തേടാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. പോലീസ് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളില്‍ പരിശോധനയ്ക്കായി നിന്നത് നാല് സ്ത്രീകളാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇവരില്‍ ആരാണ് വിദ്യാര്‍ത്ഥിനിയോട് അടിവസ്ത്രം ഒഴിവാക്കാന്‍ നിര്‍ദ്ദേശം നല്‍കിയത് എന്നത് വ്യക്തമല്ല. പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങള്‍ പോലീസ് വിദ്യാര്‍ത്ഥിനിക്ക് അയച്ചു കൊടുക്കും. ഇതില്‍ വ്യക്തത ലഭിച്ചതിന് ശേഷമായിരിക്കും പോലീസിന്റെ തുടര്‍ നടപടികള്‍.