കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത നടപടി റദ്ദാക്കി. തൃശ്ശൂർ സിആർപി സെക്ഷൻ ഇൻസ്പെക്ടർ കെ.ആർ.ബിനു ഉൾപ്പെടെ 16 ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ ആണ് പിൻവലിച്ചത്. മതിയായ തെളിവുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അച്ചടക്ക നടപടി നേരിട്ടവർ സർക്കാരിന് നൽകിയ അപ്പീലിൽ വാദം പൂർത്തിയായിരുന്നു.അന്വേഷണം നടത്തിയതിന് ശേഷവുമാണ് ഇവരെ സർവീസിൽ തിരികെ പ്രവേശിപ്പിക്കണമെന്ന ഉത്തരവിറക്കിയത്.
കെ.ആർ.ബിനുവിന് പുറമേ, മുകുന്ദപുരം സീനിയർ ഓഡിറ്റർ ധനൂപ് എം.എസ്, തൃശ്ശൂർ അസിസ്റ്റന്റ് പ്ലാനിംഗ് രജിസ്ട്രാർ കെ.ഒ.പിയൂഷ് എന്നിവരുടെ സസ്പെൻഷനും പിൻവലിച്ചിട്ടുണ്ട്. 2014 മുതൽ 2019 വരെയുള്ള കാലഘട്ടത്തിൽ ജോലി ചെയ്തിരുന്നവരാണ് നടപടി നേരിട്ട ഉദ്യോഗസ്ഥർ. ക്രമക്കേട് നടന്നിട്ടും അറിയിച്ചില്ല, കുറ്റകൃത്യം മറച്ചുവച്ചു, നടപടി സ്വീകരിച്ചില്ല എന്നീ കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ഇവർക്കെതിരെ നടപടി സ്വീകരിച്ചത്. എന്നാൽ ഇപ്പോൾ മതിയായ തെളിവുകൾ കണ്ടെത്താനായില്ല എന്ന ചൂണ്ടിക്കാട്ടി ഈ നടപടികൾ അവസാനിപ്പിക്കുകയാണ് സഹകരണ വകുപ്പ്. ബാങ്കില്‍ നിന്നും 2014 മുതല്‍ 2020 വരെയുള്ള കാലയളവില്‍ നൂറു കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. സംഭവത്തില്‍ മുന്‍ ഭരണസമിതി അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. ബാങ്കില്‍ നിന്ന് വായ്പയെടുത്ത് കൃത്യമായി തിരിച്ചടച്ചിരുന്ന പലര്‍ക്കും ജപ്തി നോട്ടീസ് വന്നതോടെയാണ് തട്ടിപ്പ് പുറത്തായത്.