കോവിഡ് കാലത്ത് കുട്ടികളുള്ള വീടുകളില്‍ പുസ്തകം എത്തിക്കുക പ്രധാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് സൃഷ്ടിക്കുന്ന മാനസിക പിരിമുറുക്കം ഒഴിവാക്കാന്‍ ഇത് ഉപകരിക്കും. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി ഏറ്റവും അധികം ബാധിച്ച വിഭാഗമാണ് കുട്ടികള്‍. മാനസികവും ശാരീരികവുമായി അവര്‍ ധാരാളം പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരും കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലും പി.എന്‍. പണിക്കര്‍ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച വായനാപക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെമ്പാടും ഗ്രന്ഥശാലകള്‍ രൂപീകരിക്കുന്നതിനും അവയ്ക്ക് പ്രോത്സാഹനം നല്‍കുന്നതിനുമായി പി.എന്‍ പണിക്കര്‍ നടത്തിയ പരിശ്രമങ്ങള്‍ കേരള ചരിത്രത്തിന്റെ ഭാഗമാണ്. വായിച്ചു വളരുക ചിന്തിച്ച് വിവേകം നേടുക എന്ന പി.എന്‍ പണിക്കര്‍ ഉയര്‍ത്തിയ മുദ്രാവാക്യത്തിന് എക്കാലവും പ്രസക്തിയുണ്ട്. തിരുവിതാംകൂറില്‍ പ്രവര്‍ത്തിച്ചിരുന്ന ഗ്രന്ഥശാലകളുടെ കൂട്ടായ്മക്കായി അദ്ദേഹം നടത്തിയ പരിശ്രമങ്ങളുടെ തുടര്‍ച്ചയായിരുന്നു കേരള ഗ്രന്ഥശാല സംഘത്തിന്റെ രൂപീകരണമെന്നു മുഖ്യമന്ത്രി പറഞ്ഞു. അതിന്റെ ആദ്യ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചതും പി.എന്‍ പണിക്കരാണ്. പി.എന്‍ പണിക്കരെ പോലെത്തന്നെ ഗ്രന്ഥശാല രംഗത്ത് ഉന്നത ശീര്‍ഷനായിരുന്നു ഐ.വി. ദാസ് മാഷ്. അധ്യാപകന്‍, പ്രാസംഗികന്‍, പത്രാധിപര്‍, ഗ്രന്ഥകര്‍ത്താവ് തുടങ്ങി നിരവധി മേഖലകളിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു ഗ്രാമത്തെയാകെ വായനയിലേക്ക് നയിച്ച കൊട്ടാരക്കര താലൂക്കിലെ ബാപ്പുജി ഗ്രന്ഥശാല സ്ഥിതിചെയ്യുന്ന പെരുങ്കുളം പ്രദേശത്തെ പുസ്തക ഗ്രാമമായി മുഖ്യമന്ത്രി ചടങ്ങില്‍ പ്രഖ്യാപിച്ചു.
മനുഷ്യരാശിയുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ വായന എന്ന പ്രക്രിയ നല്‍കിയിട്ടുള്ള സംഭാവന അതുല്യമാണെന്ന് അധ്യക്ഷത വഹിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. പട്ടം ഗവ. മോഡല്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മാനവ പുരോഗതിയുടെ പാതയില്‍ വെളിച്ചം വിതറിക്കൊണ്ട് തലയെടുപ്പോടെ ഉയര്‍ന്ന് നില്‍ക്കുന്നവയാണ് നമ്മുടെ ലൈബ്രറികളും അവയിലെ പുസ്തകങ്ങളുമെന്ന് മന്ത്രി പറഞ്ഞു. നോ ഡിജിറ്റല്‍ ഡിവൈഡ് എന്ന കാമ്പയിനിന്റെ ഭാഗമായി പട്ടം ഗവ. മോഡല്‍ ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്മാര്‍ട്ട്‌ഫോണുകളുടെ വിതരണോദ്ഘാടനം മന്ത്രി നടത്തി.
പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ ആശംസാ സന്ദേശം കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.കെ മധു ചടങ്ങില്‍ വായിച്ചു. കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ മുഖപത്രമായ ഗ്രന്ഥലോകത്തിന്റെ ജൂണ്‍ ലക്കം പതിപ്പിന്റെ പ്രകാശനം തിരുവനന്തപുരം നഗരസഭ മേയര്‍ ആര്യ രാജേന്ദ്രന്‍ എം.എല്‍.എ വി.കെ പ്രശാന്തിന് നല്‍കി നിര്‍വഹിച്ചു. പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍, ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ എന്‍. ബാലഗോപാല്‍, കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ.വി. കുഞ്ഞികൃഷ്ണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.