കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ആശ്രിതർക്ക് രണ്ട് ലക്ഷം രൂപയുടെ ധന സഹായം പ്രഖ്യാപിച്ച് കർഷക സംഘടനയായ ഇൻഫാം.
മനുഷ്യന്റെ ജീവനും സ്വത്തിനും അപകടകരമാം വിധത്തിൽ കാട്ടുമൃഗങ്ങൾ സ്വൈര്യവിഹാരം നടത്തുന്ന കാര്യം കേരളത്തിലെ ഒരു നേതാക്കന്മാർക്കും അറിയാത്തതല്ല. ഇപ്പോൾ തന്റെ വീടിന്റെ ഉമ്മറത്തിരുന്ന ഒരു കർഷകനും തന്റെ കൃഷിയിടത്തിൽ ജോലിചെയ്തുകൊണ്ടിരുന്ന ഒരു കർഷകനുമാണ് കാട്ടുപോത്തിന്റെ ആക്രമണമേറ്റ് മരണമടഞ്ഞത്. കഴിഞ്ഞ കുറേക്കാലങ്ങളായി കാട്ടുമൃഗങ്ങളുടെ ആക്രമണം സംബന്ധിച്ചുള്ള ജനങ്ങളുടെ പരാതിയും ആവലാതിയും കണ്ടില്ലെന്നു നടിക്കുന്ന ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സർക്കാരിന്റെയും സമീപനം വളരെയധികം അപലപനീയമാണ്. ജനസംഖ്യാ വർധനവ് നിയന്ത്രിക്കുവാൻ വേണ്ടി വെമ്പൽകൊള്ളുന്ന ഗവൺമെന്റ് കാട്ടുമൃഗങ്ങളുടെ വർധനവും നിയന്ത്രിക്കാൻ അടിയന്തര നടപടിയെടുക്കണം.